| Sunday, 12th June 2022, 4:58 pm

ഇക്കാരണം ഒന്നുകൊണ്ടുമാത്രം ഉമ്രാന്‍ മാലിക് രണ്ടാം മത്സരത്തിലും കളിക്കില്ല; നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസറായ ഡെയ്ല്‍ സ്റ്റെയ്‌നായിരുന്നു ഉമ്രാനിലെ പ്രതിഭയെ രാകിമിനുക്കിയെടുത്ത് കാറ്റിനെ പോലും അതിശയിക്കുന്ന വേഗതയില്‍ പന്തെറിയാന്‍ പ്രാപ്തനാക്കിയത്.

അക്തറിനെ പോലും വെല്ലുന്ന വേഗതയിലാണ് താരം പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. അക്തറിന്റെ 161 കിലോമീറ്റര്‍ വേഗതയുള്ള പന്തിന്റെ റെക്കോഡും ഉമ്രാന്‍ നെറ്റ്‌സിലെ പ്രാക്ടീസിനിടെ തകര്‍ത്തിരുന്നു.

ഇത്രയൊക്കെ നേട്ടമുണ്ടാക്കിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ താരം ഇടം നേടാന്‍ സാധ്യതയില്ല എന്ന നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയായിരിക്കും കളത്തിലിറക്കുകയെന്നും ഒരു മത്സരത്തിലെ ഫലത്തെ ആശ്രയിച്ച് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല എന്നുമാണ് വസീം ജാഫര്‍ അഭിപ്രായപ്പെടുന്നത്.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് വസീം ജാഫര്‍ ഇക്കാര്യം പറയുന്നത്.

‘ഒരു മത്സരത്തിലെ മാത്രം ഫലമനുസരിച്ച് ഏതെങ്കിലും താരത്തെ ടീമില്‍ നിന്നും പുറത്താക്കുന്നത് അവരോട് ചെയ്യുന്ന നീതികേടാണെന്നാണ് ഞാന്‍ കരുതുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയായതിനാല്‍ തന്നെ കഴിഞ്ഞ ഇലവനെ തന്നെ നിലനിര്‍ത്താനായിരിക്കും ടീം ശ്രമിക്കുക.

ഉമ്രാന്‍ മാലിക് രണ്ടാം മത്സരം കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, എന്നാല്‍ ഭാവിയില്‍ അവനെന്തായാലും ടീമില്‍ ഇടം നേടും. കഴിഞ്ഞ മത്സരത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ ടീമില്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് ഞാന്‍ കരുതുന്നത്,’ വസീം ജാഫര്‍ പറയുന്നു.

ബൗളര്‍മാര്‍ ഈ മത്സരത്തില്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തണമെന്നും ലൈനും ലെംഗ്തും കീപ് ചെയ്തുകൊണ്ടുതന്നെ പന്തെറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാര്‍ റണ്‍ വഴങ്ങിയതോടെയാണ് ഇന്ത്യ പരാജയത്തിലേക്ക് വഴുതി വീണത്.

പ്രോട്ടീസ് നിരയില്‍ വാന്‍ ഡെര്‍ ഡുസനും ഡേവിഡ് മില്ലറും ആഞ്ഞടിച്ചതോടെ ഇന്ത്യയുടെ പരാജയം വേഗത്തിലായി.

ഒഡീഷ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

Content highlight: Former Indian Star Wasim Jaffer says Umran Malik won’t make debut in second T20I against South Africa

We use cookies to give you the best possible experience. Learn more