ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം തുടരുകയാണ്. ടി-20 പരമ്പര കഷ്ടിച്ച് ജയിച്ച ഇന്ത്യക്ക് ഏകദിന പരമ്പരയില്‍ കാലിടറിയിരിക്കുകയാണ്. വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ആദ്യ ഏകദിനത്തില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.
പന്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതിരുന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് ഒറ്റയക്കത്തിന് പുറത്തായതാണ് ആരാധകരെ ഞെട്ടിച്ചത്. തന്റെ സ്ഥിരം പൊസിഷനില്‍ നിന്നും മാറി അഞ്ചാമതായാണ് താരം കളത്തിലിറങ്ങിയത്. സ്‌കൈയുടെ പൊസിഷനില്‍ പന്തായിരുന്നു കളിച്ചത്.
23 പന്തില്‍ നിന്നും 15 റണ്‍സ് മാത്രമാണ് താരം നേടിയത്. നേരത്തെ ഏകദിനത്തില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും അതൊന്നും ഇപ്പോള്‍ കാണാനില്ലാത്ത അവസ്ഥയാണ്.
എന്നാല്‍, ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ കളിക്കാനിറങ്ങുമ്പോഴും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത് തന്നെയാകണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സ്ഥാനത്തേക്ക് മറ്റൊരാളെ പകരം വെക്കാനില്ലെന്നാണ് വസീം ജാഫര്‍ പറയുന്നത്.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘പന്തിന് മുകളില്‍ ദീപക് ഹൂഡ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ സമയത്ത്, ഈ ഫോര്‍മാറ്റില്‍ പന്ത് പകരം വെക്കാനില്ലാത്തവനാണ്,’ വസീം ജാഫര്‍ പറയുന്നു.
രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് യാദവിനെയും ദീപക് ചഹറിനെയും കളിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.
‘അര്‍ഷ്ദീപിന് പകരം ദീപക് ചഹറിനെ പരീക്ഷിക്കാം. കാരണം അത് ബാറ്റിങ് ഡെപ്ത് വര്‍ധിപ്പിക്കുകയും ടോപ് ഓര്‍ഡറിന് പേടിയില്ലാതെ ആക്രമിച്ചു കളിക്കാനും അവസരം നല്‍കുകയും ചെയ്യുന്നു.
യൂസ്വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവ് കളിക്കുന്നതും നിങ്ങള്‍ക്ക് ചിലപ്പോള്‍ കാണാന്‍ സാധിക്കും. കാരണം അവനൊരു മിസ്റ്ററി സ്പിന്നറാണ്,’ ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.