ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. അവസാന ദിവസം ബംഗ്ലാദേശിന് നാല് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 90 ഓവറില്‍ 241 റണ്‍സ് നേടിയാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 404 റണ്‍സിന് പുറത്തായിരുന്നു. ബംഗ്ലാദേശിനാകട്ടെ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി യുവതാരം ശുഭ്മന്‍ ഗില്ലും വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 258 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അവസാന ഇന്നിങ്‌സില്‍ ബംഗ്ലാ കടുവകള്‍ക്ക് മുമ്പില്‍ 513 റണ്‍സിന്റെ ടാര്‍ഗെറ്റാണ് ഇന്ത്യ ഉയര്‍ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ നേരത്തെ പുറത്തായപ്പോള്‍ പൂജാരയെ കൂട്ടുപിടിച്ച് ശുഭ്മന്‍ ഗില്ലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ പകരക്കാരനായെത്തി ഇന്ത്യന്‍ സ്‌കോറിങ്ങിന് നിര്‍ണായകമായ ഗില്ലിന് രണ്ടാം ടെസ്റ്റിലും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ലെജന്‍ഡുമായ വസീം ജാഫര്‍. വിരാടിന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ബാറ്ററാണ് ഗില്ലെന്നും മൂന്ന് ഫോര്‍മാറ്റിലും അനായാസമായി താരത്തിന് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും ജാഫര്‍ പറയുന്നു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വസീം ജാഫര്‍ ഇക്കാര്യം പറഞ്ഞത്.
‘അവസാനം അവന്‍ സെഞ്ച്വറി നേടിയത് വളരെ മികച്ച ഒരു കാര്യം തന്നെയാണ്. വിരാടിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ക്ലാസ് പ്ലെയറാണ് ഗില്‍. അവന്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. അവന്‍ ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി ഇനിയും നിരവധി മത്സരങ്ങള്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ജാഫര്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ മടങ്ങിയെത്തുകയും ചെയ്യുന്നതോടെ ഗില്ലിനെ മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റുകയും ഒരു സ്പിന്നറെ ടീമില്‍ നിന്നും ഒഴിവാക്കുകയും ചെയ്യണമെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
‘ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ബൗളര്‍മാരെ ടീമില്‍ നിന്നും പുറത്താക്കണമെന്ന പഴയ ഒരു ചൊല്ലുണ്ട്. അതുകൊണ്ട് അവര്‍ ഒരു ബൗളറെ മാറ്റി പുതിയൊരു ബാറ്ററെ ടീമില്‍ കൊണ്ടുവരും,’ വസീം ജാഫര്‍ പറയുന്നു.