ഏഷ്യാ കപ്പില്‍ ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇരു ടീമുകളും കച്ചമുറുക്കി പോരാട്ടത്തിനായി ഇറങ്ങുകയാണ്.
അതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ അഫ്ഗാനിസ്ഥാനെ എഴുതി തള്ളേണ്ടതില്ലെന്നും, ഏതു ടീമിനെയും പരാജയപ്പെടുത്താന്‍ അഫ്ഗാന്‍ ടീമിന് സാധിക്കുമെന്നും പറയുന്നത്. മികച്ച ഒരുപിടി താരങ്ങള്‍ ടീമിനോടൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചാല്‍ പിന്നെ ബൗളേഴ്‌സിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘അഫ്ഗാന് മികച്ച സ്പിന്നേഴ്‌സും ഫാസ്റ്റ് ബൗളേഴ്‌സുമുണ്ട്. ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ 2022 ലെ ഏഷ്യാ കപ്പില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിയും. അതിനാല്‍ ബാറ്റര്‍മാര്‍ മികച്ച റണ്‍സ് നേടിയാല്‍ ബൗളിങ്ങില്‍ ടീമിന് പ്രതിരോധിക്കാന്‍ കഴിയും.’ വസീം ജാഫര്‍ പറഞ്ഞു.
സ്പിന്നേഴ്‌സും ഫാസ്റ്റ് ബൗളേഴ്‌സുമായി മിന്നും താരങ്ങള്‍ ടീമിലുണ്ട്.
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്‍ തന്നെയാവും കളിയുടെ ശ്രദ്ധാ കേന്ദ്രം. അഫ്ഗാനിസ്ഥാന്‍ നായകന്‍ മുഹമ്മദ് നബിയും,വൈസ് ക്യാപ്റ്റന്‍ നജീബുള്ള സദ്രാന്‍, നൂര്‍ അഹ്‌മദ്, ഖൈസ് അഹ്‌മദ് എന്നിവരുടെ പ്രകടനവും ടീമിന് നിര്‍ണായകമാവും.
ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്‍. താരത്തിന്റെ വട്ടംകറക്കുന്ന ബോളുകള്‍ എന്നും ബാറ്റര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. താരത്തിന്റെ പ്രകടനം ഏഷ്യാ കപ്പിലും വളരെ നിര്‍ണായകമാണ്.
താത്കാലിക ക്യാപ്റ്റനായിട്ടുള്ള ദാസുന്‍ ഷണകയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക കളത്തിലിറങ്ങുന്നത്. അഫ്ഗാന്റെ ബൗളിങ് തന്ത്രങ്ങളെ മറികടക്കുക എന്നത് തന്നെയാണ് ശ്രീലങ്കക്ക് വെല്ലുവിളിയാവുക.
2018 ലെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ഗ്രൂപ്പ് പോരാട്ടത്തില്‍ തോല്‍വിയറിയാതെയാണ് ടീം മുന്നേറിയത്.