ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെയും ഷര്‍ദുല്‍ താക്കൂറിനെയും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. ദീപക് ഹൂഡയും ദീപക് ചഹറുമായിരുന്നു ഇവര്‍ക്ക് പകരക്കാരായി സ്ഥാനം പിടിച്ചത്.
എന്നാല്‍, സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം നല്‍കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായിരുന്ന വസീം ജാഫര്‍.
സഞ്ജുവിന് ടീമില്‍ അവസരം നല്‍കണമെന്നും, കളിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും ജാഫര്‍ പറയുന്നു.
‘അവന്‍ വളരെ മികച്ച കളിക്കാരനാണ്. ഒരു ബൗളറെ ടീമിന് അധികം ആവശ്യമാണ് എന്ന ഒറ്റ കാരണത്താലാണ് സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കാത്തത്. അവന്‍ ദീപക് ഹൂഡയേക്കാളും മികച്ച താരമാണ്. എന്നാല്‍ ഒരു ബൗളര്‍ അധികം വേണം എന്ന സ്ഥിതിയെത്തുമ്പോഴാണ് അവന്‍ സഞ്ജുവിനെ മറികടന്ന് ടീമിലെത്തുന്നത്,’ ജാഫര്‍ പറയുന്നു.
‘അവന്‍ ഇന്ത്യക്ക് വേണ്ടി സ്ഥിരമായി കളിക്കണം. അവനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് തീര്‍ച്ചയായും ഒരു വഴി കണ്ടേ മതിയാകൂ. അവനോട് ഒരു കാര്യം മാത്രമാണ് എനിക്ക് പറയാനുള്ളത്. അവസരം ലഭിക്കുമ്പോഴെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുക, മറ്റെല്ലാ താരങ്ങളേയും കടത്തിവെട്ടുന്ന കളി പുറത്തെടുക്കുക, ആളുകളെ കൊണ്ട് ചിന്തിപ്പിക്കുക,’ അദ്ദേഹം പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന് ശേഷം കേവലം 16 ടി-20യും 11 ഏകദിനവും മാത്രമാണ് സഞ്ജു കളിച്ചത്.
അതേസമയം, മഴ കളിച്ചതോടെ രണ്ടാം ഏകദിനം ഉപേക്ഷിച്ചിരുന്നു. മത്സരത്തിന്റെ അഞ്ചാം ഓവറിനിടെയാണ് മഴ കാരണം മത്സരം ആദ്യം നിര്‍ത്തി വെച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം മഴ മാറിയതോടെ മത്സരം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
മഴക്ക് ശേഷം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിന്റെ 13ാം ഓവറില്‍ വീണ്ടും മഴയെത്തുകയും കളി വീണ്ടും ഏറെ നേരം നിര്‍ത്തി വെക്കേണ്ടിയും വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
The 2⃣nd #NZvIND ODI is called off due to persistent rain 🌧️
We will see you in Christchurch for the third & final ODI of the series.