| Saturday, 28th May 2022, 11:44 pm

ഇത്രയും കാലം ചെയ്തുകൂട്ടിയ അബദ്ധങ്ങളേക്കാള്‍ കൂടുതല്‍ ഈ ഒറ്റ സീസണില്‍ ചെയ്തുവെച്ചിട്ടുണ്ട്; വിരാടിനെതിരെ ആഞ്ഞടിച്ച് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് ഐ.പി.എല്ലില്‍ നിന്നും പുറത്തായതിന് പിന്നാലെ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ഇത് താന്‍ അറിയുന്ന വിരാട് കോഹ്‌ലി അല്ലെന്നും ഇത് മറ്റാരോ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം പറഞ്ഞത്.

‘നിങ്ങള്‍ ഫോം ഔട്ടാണെങ്കില്‍ എല്ലാ പന്തും നേരിടാനും മിഡില്‍ ചെയ്യാനുമാണ് ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് കോണ്‍ഫിഡന്‍സ് നല്‍കും. ആദ്യത്തെ കുറച്ച് ഓവറുകളില്‍ അദ്ദേഹം കുറച്ചു പന്ത് നേരിടാതെ വെറുതെ വിട്ടിരുന്നു.

എന്നാല്‍ നിങ്ങള്‍ സാധരണ ഫോമില്‍ അല്ലെങ്കില്‍ ആ പന്തുകളെ വിടാതെ കളിക്കാനാണ് ശ്രമിക്കുക.

ഇത് നമ്മള്‍ അറിയുന്ന വിരാട് കോഹ്‌ലി അല്ല, ഇത് മറ്റാരോ ആണ്. അവന്‍ അവന്റെ കരിയറില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റുകളും അബദ്ധങ്ങളും ഈ സീസണില്‍ നിന്ന് മാത്രം ചെയ്തിട്ടുണ്ട്.

വേണ്ടത്ര റണ്‍സ് സ്വന്തമാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പല കാര്യങ്ങളും പരീക്ഷിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവന് ആ ഡെലിവറി ഉപേക്ഷിക്കാമായിരുന്നു, അല്ലെങ്കില്‍ അത് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അയക്കാമായിരുന്നു.

പക്ഷേ അത് വിക്കറ്റ് കീപ്പറുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്നത് പോലെ ആയിപ്പോയി. മികച്ച താരമായിരുന്ന വിരാട് ഇത്തരമൊരു നിര്‍ണായക മത്സരത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുമെന്ന് എല്ലാവരും കരുതി, എന്നാല്‍ അവന്‍ നിരാശനാക്കി,’ സേവാഗ് പറഞ്ഞു.

കഴിഞ്ഞ മത്സരം മാത്രമല്ല, സീസണ്‍ മുഴുവന്‍ വിരാടിനെ സംബന്ധിച്ച് അത്രകണ്ട് മികച്ചതായിരുന്നില്ല. 16 മത്സരത്തില്‍ നിന്നും 22.73 ശരാശരിയില്‍ 341 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്.

2012ന് ശേഷമുള്ള താരത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് 2022ലേത്.

Content highlight: Former Indian Star Virender Sehwag Criticize Virat Kohli

We use cookies to give you the best possible experience. Learn more