കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരത്തില്‍ വിജയിച്ച് ഹര്‍ദിക് പാണ്ഡ്യ നയിച്ച ടൈറ്റന്‍സ് ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ പിന്തുടര്‍ന്നാണ് ഗുജറാത്ത് വിജയകിരീടമണിഞ്ഞത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ കേവലം 130 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സ് അനായാസം വിജയം കൈപ്പിടിയിലൊതുക്കി.
ഇപ്പോഴിതാ, രാജസ്ഥാന്റെ തോല്‍വിക്ക് കാരണം ആര്‍. അശ്വിനാണെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. മത്സരം പരാജയപ്പെടാന്‍ കാരണം ബൗളിംഗില്‍ അശ്വിന്റെ സ്‌റ്റൈല്‍ മാറ്റിയുള്ള പരീക്ഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അശ്വിന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ഓഫ് സ്പിന്നില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്നായിരുന്നു സേവാഗ് പറഞ്ഞത്.
‘അശ്വിന്‍ ഓഫ് സ്പിന്നില്‍ തന്നെ ഉറച്ചുനില്‍ക്കണമായിരുന്നു. അതാണ് ബാറ്ററെ എപ്പോഴും കുഴപ്പിക്കാറുള്ളത്. കാരം ബോള്‍ കൊണ്ട് ഇവിടെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഓഫ് സ്പിന്‍ കൊണ്ടുതന്നെ ഹര്‍ദിക്കിനേയും ഗില്ലിനേയും പുറത്താക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ അശ്വിന്‍ മറ്റൊരു രീതിയിലാണ് ചിന്തിച്ചത്. ഓഫ് സ്പിന്നില്‍ ഉറച്ചുനില്‍ക്കാതെ വേരിയേഷനുകളിലൂടെ വിക്കറ്റ് നേടാന്‍ ശ്രമിക്കുകയായിരുന്നു,’ സേവാഗ് പറയുന്നു.
പവര്‍ പ്ലേയില്‍ വിക്കറ്റ് വീണിരുന്നുവെങ്കില്‍ കളിയൊന്നാകെ മാറി മറഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞു.
‘പവര്‍ പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് വീണിരുന്നുവെങ്കില്‍ മത്സരഫലം തന്നെ മാറി മറിഞ്ഞേനേ. പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ ശുഭ്മാന്‍ ഗില്ലിലെ ക്യാച്ചെടുത്ത് പുറത്താക്കാന്‍ ചഹലിന് കഴിഞ്ഞിരുന്നെങ്കില്‍ കളി തന്നെ മാറുമായിരുന്നു, കാരണം അത്ര വലിയ ലക്ഷ്യമല്ല രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.