| Wednesday, 19th October 2022, 4:25 pm

ഇതൊന്ന് പരീക്ഷിച്ച് നോക്ക്, പാകിസ്ഥാനെതിരെ പുട്ടുപോലെ ജയിക്കാം; രോഹിത് ശര്‍മക്കും ദ്രാവിഡിനും 'മാച്ച് വിന്നിങ്' നിര്‍ദേശവുമായി റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ പാക് പടയോട് തോറ്റതിന്റെ കളങ്കം തീര്‍ക്കാനാവും ഇന്ത്യ ഇറങ്ങുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം.

പാകിസ്ഥാനെതിരായ മത്സരത്തിലെ ഇലവനെ ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ആരൊക്കെയാവും ടീമില്‍ ഉണ്ടാവുക എന്നതിനെ കുറിച്ച് പൂര്‍ണമായ വ്യക്തതയുമില്ല.

ടി-20യിലെ സമീപകാല പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം രോഹിത് ടീം സെറ്റ് ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റിഷബ് പന്തിനെ മറികടന്ന് ദിനേഷ് കാര്‍ത്തിക്കിനെ തന്നെയാവും രോഹിത് ശര്‍മ പരിഗണിക്കുക.

എന്നാല്‍ റിഷബ് പന്ത് ഇടം കയ്യന്‍ ബാറ്ററാണ് എന്ന ഒറ്റക്കാരണത്താല്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന ആവശ്യപ്പെടുന്നത്.

ബൗളര്‍മാരുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ ഇടം കയ്യന്‍ ബാറ്റര്‍ക്കാകുമെന്ന് യുവരാജ് സിങ്ങിനെയും ഗൗതം ഗംഭീറീറിനെയും ഉദാഹരിച്ചുകൊണ്ടാണ് താരം പന്തിനായി വാദിക്കുന്നത്.

എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയ്‌ന ഇക്കാര്യം പറഞ്ഞത്.

‘ദിനേഷ് കാര്‍ത്തിക് നിരവധി നല്ല പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ റിഷബ് പന്താണ് ടീമിനൊപ്പമുണ്ടാവുന്നതെങ്കില്‍ അതൊരു എക്‌സ് ഫാക്ടറാവുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം അവന്‍ ഇടം കയ്യന്‍ ബാറ്ററാണ്.

ഗൗതം ഗംഭീറും യുവരാജ് സിങ്ങും 2007 ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 2011 ലോകകപ്പിലും അവരുടെ പങ്ക് ഏറെ വലുതായിരുന്നു. പന്ത് കളിക്കാന്‍ അര്‍ഹനാണ് എന്നാണ് എനിക്ക് തോന്നുന്നത്,’ റെയ്‌ന പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതേ കാരണം ചൂണ്ടിക്കാട്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തുവന്നിരുന്നു. എന്നാല്‍ റിഷബ് പന്തിന്റെ പേര് പറയാതെയാണ് സച്ചിന്‍ താരത്തിനായി വാദിച്ചത്.

‘ഇടം കയ്യന്‍ ബാറ്റര്‍മാര്‍ ഏറെ വിലപ്പെട്ടതാണ്. ലൈനും ലെങ്തും അഡ്ജസ്റ്റ് ചെയ്യാന്‍ അവര്‍ ബൗളര്‍മാരെ എപ്പോഴും നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. ഇത് ബൗളര്‍മാര്‍ ഒരിക്കലും ആസ്വദിക്കുന്ന ഒന്നല്ല. അതുകൊണ്ട് ടീമില്‍ ഇടം കയ്യന്‍ ബാറ്റര്‍ ആവശ്യമാണ്,’ സച്ചിന്‍ പറയുന്നു.

ഒക്ടോബര്‍ 23നാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം, മെല്‍ബണില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇരു ടീമും തങ്ങളുടെ ആദ്യ പോരാട്ടത്തിനാണിറങ്ങുന്നത്.

ഇന്ത്യ ലോകകപ്പ് സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍:

മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ഷാര്‍ദുല്‍ താക്കൂര്‍.

Content Highlight: Former Indian star Suresh Raina urges Rohit Sharma to include Rishabh Pant in playing eleven

We use cookies to give you the best possible experience. Learn more