| Thursday, 12th May 2022, 2:48 pm

ഉത്തരവാദിത്തം കാണിക്കണം; തോല്‍വിക്ക് പിന്നാലെ സഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ ഒരു ജയം മാത്രം മതിയെന്നിരിക്കെ ടീമില്‍ നടത്തിയ പരീക്ഷണങ്ങളാണ് ടീമിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

ഹാര്‍ഡ് ഹിറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ടീമിനൊപ്പമില്ലാതിരുന്നതും രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ നടത്തിതും തോല്‍വി ചോദിച്ചു വാങ്ങിയതും.

തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ സഞ്ജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. സഞ്ജു ഉത്തരവാദിത്തത്തോടെ കളിക്കണമെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം.

ബാറ്റിംഗ് നിരയില്‍ മൂന്നാമനായി ഇറങ്ങുന്നതിന് പകരം അഞ്ചാമനായിട്ടായിരുന്നു സഞ്ജു ഇറങ്ങിയത്. ഇതോടെയാണ് താരം ഉത്തരവാദിത്തത്തില്‍ നിന്നും പിന്‍വലിഞ്ഞെത്തുള്ള വിമര്‍ശനവുമായി ഗവാസ്‌കര്‍ രംഗത്തെത്തിയത്.

‘മികച്ച ഹിറ്റര്‍ തന്നെയാണ് സഞ്ജു സാംസണ്‍. എന്നാല്‍ ബാറ്റിംഗില്‍ ഓര്‍ഡറില്‍ താഴേക്കിറങ്ങിയത് ഒട്ടും ഗുണം ചെയ്തില്ല. നാലാം നമ്പര്‍ ബാറ്ററാണെങ്കില്‍ മൂന്നാമനായോ നാലാമനായോ ഇറങ്ങണം.

താരം ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യണമായിരുന്നു. ഇപ്പോഴെന്ത് സംഭവിച്ചു എന്ന് മാത്രം നോക്കുക. ടീമിന് മികച്ച തുടക്കം ലഭിക്കാഞ്ഞതിന് പിന്നാലെ സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു,’ ഗവാസ്‌കര്‍ പറയുന്നു.

8 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ പരാജയം. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും നിറം മങ്ങിയതു മുതല്‍ തന്നെ മത്സരം രാജസ്ഥാന് അനുകൂലമാവില്ല എന്ന സൂചനകള്‍ ലഭിച്ചിരുന്നു. പിന്നാലെ വണ്‍ഡൗണായി അശ്വിനെ ബാറ്റിംഗിനയച്ചതുമുതല്‍ ടീം പരീക്ഷണം തുടങ്ങിയരുന്നു.

അശ്വിന്‍ മൂന്നാമനായും പടിക്കല്‍ നാലാമനായും ഇറങ്ങിയ ശേഷം അഞ്ചാമനായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ഇതൊരു മോശം തന്ത്രമാണെന്ന് അടിവരയിടുന്നതായിരുന്നു മത്സരം.

അശ്വിനും പടിക്കലും മികച്ച രീതിയില്‍ തന്നെ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. സമ്മര്‍ദ്ദത്തിനടിമപ്പെട്ട് സഞ്ജു വിക്കറ്റ് വലിച്ചെറിയുകയും ചെയ്തതോടെ എല്ലാം പൂര്‍ണമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റല്‍സ് അനായസ ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്തും 8 വിക്കറ്റും ബാക്കി നില്‍ക്കെ ക്യാപ്പിറ്റല്‍സ് മറികടക്കുകയായിരുന്നു.

മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറുമാണ് റോയല്‍സിനെ അടിച്ചില്ലാതാക്കിയത്. മാര്‍ഷ് 62 പന്തില്‍ നിന്ന് 89 റണ്‍സും വാര്‍ണര്‍ 41 പന്തില്‍ നിന്ന് 52 റണ്‍സും സ്വന്തമാക്കി. ഇതോടെയാണ് ക്യാപ്പിറ്റല്‍സ് തങ്ങളുടെ ആറാം ജയം സ്വന്തമാക്കിയത്.

Content Highlight: Former Indian Star Sunil Gavaskar against Sanju Samson

We use cookies to give you the best possible experience. Learn more