| Thursday, 20th October 2022, 11:07 am

ഇത്തവണ ഇന്ത്യ ടി-20 ലോകകപ്പ് ജയിച്ചില്ലെങ്കില്‍... മുന്നറിയിപ്പ് നല്‍കി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബര്‍ 23ന് പാകിസ്ഥാനെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. മഴ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മത്സരം നടക്കുമോ ഇല്ലെയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്.

പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പേ ഒരേസമയം ശക്തവും രസകരവുമായ ഒരു കാര്യം പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യ നടത്തിയ തയ്യാറെടുപ്പുകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ ലോകകപ്പ് ഇന്ത്യക്ക് നേടാന്‍ സാധിച്ചില്ലെങ്കില്‍ അത് ഒരു അത്ഭുതമാകുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

മിഡ് ഡേയിലെ തന്റെ കോളത്തിലായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകകപ്പിന് മുമ്പ് ഇന്ത്യ വലിയ തോതിലുള്ള തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ച ഗവാസ്‌കര്‍ ലോകകപ്പില്‍ അത് പ്രതിഫലിക്കുമെന്നും വ്യക്തമാക്കി.

ഓസീസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും പരമ്പര നേടിയതിന് ശേഷമാണ് ഇന്ത്യ ലോകകപ്പിനായി വിമാനം കയറിയത്. ടൂര്‍ണമെന്റിന് മുമ്പ് തന്നെ പ്രാദേശിക ടീമുകളായിട്ടും ഓസ്‌ട്രേലിയക്കൊപ്പവും ഇന്ത്യ സന്നാഹ മത്സരവും കളിച്ചിരുന്നു.

ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ഈ ലോകകപ്പ് പരാജയപ്പെടുകയാണെങ്കില്‍ അത് അത്ഭുതമാകുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

‘ഒരു കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഇത്തവണ ഇന്ത്യ ടി-20 ലോകകപ്പ് ജയിച്ചില്ലെങ്കില്‍ അതൊരിക്കലും തയ്യാറെടുപ്പിന്റെ കുറവ് കൊണ്ടാകില്ല.

ടൂര്‍ണമെന്റിന് മൂന്നാഴ്ച മുമ്പ് അവര്‍ ഓസ്‌ട്രേലിയയില്‍ എത്തി എന്നുമാത്രമല്ല, അവര്‍ മികച്ച ടീമുകള്‍ക്കൊപ്പം സന്നാഹ മത്സരം കളിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അവരെ തീര്‍ത്തും സജ്ജരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിങ്ങള്‍ തയ്യാറെടുപ്പില്‍ പരാജയമാണെങ്കില്‍ പരാജയപ്പെടുവാന്‍ തയ്യാറായിക്കൊള്ളുക എന്ന പഴയ ചൊല്ല് ഇത്തവണത്തെ ഇന്ത്യന്‍ ടീമിന് ബാധകമാകാന്‍ പോണില്ല. കാരണം അവര്‍ അത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.

ലോകകപ്പിന് മുമ്പ് അവര്‍ സ്വന്തം മണ്ണില്‍ ആറ് മത്സരം കളിക്കുകയും അതില്‍ നാലെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിന് അവര്‍ സജ്ജരാണെന്നാണ് ഇത് തെളിയിക്കുന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.

ടീം തെരഞ്ഞെടുപ്പില്‍ അപാകതകളുണ്ടെങ്കിലും നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡ് സ്റ്റേബിളായാണ് കാണപ്പെടുന്നത്. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇനിയും പ്രതീക്ഷക്കൊത്ത് ഉയരേണ്ടത്.

ജസ്പ്രീത് ബുംറക്ക് പകരക്കാരനായി മുഹമ്മദ് ഷമിയെത്തിയതോടെ ബൗളിങ്ങിനെ വെറ്ററന്‍ പേസര്‍ തന്നെയാവും നയിക്കുക എന്ന കാര്യത്തില്‍ ഉറപ്പായിട്ടുണ്ട്.

പേസിനെ തുണക്കുന്ന പിച്ചില്‍ പേസര്‍മാര്‍ മിന്നിയാല്‍ മാത്രമേ ഇന്ത്യക്ക് വിജയം സാധ്യമാകൂ.

Content highlight: Former Indian star Sunil Gavaskar about Indian team

Latest Stories

We use cookies to give you the best possible experience. Learn more