| Tuesday, 17th May 2022, 3:38 pm

രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് പുറത്തിരുത്തണം: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന മത്സരത്തില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും വിശ്രമമനുവദിച്ച് ഇലവന് പുറത്തിരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

മുംബൈ പ്ലേ ഓഫില്‍ നിന്നും പുറത്തായ സാഹചര്യത്തിലും ഐ.പി.എല്ലിന് ശേഷം ഇന്ത്യന്‍ ടീമിന് പരമ്പരകള്‍ വരാനിരിക്കുന്ന സാഹചര്യത്തിലുമാണ് മഞ്ജരേക്കറിന്റെ നിരീക്ഷണം.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ഇനി ഒന്നും തന്നെ ചെയ്യാനില്ലെന്നും ഇവര്‍ പുറത്തിരുന്നാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുംബൈ ഇന്ത്യന്‍സിന് ഇനി ഒന്നും ചെയ്യാനില്ല. പ്ലെയിംഗ് ഇലവനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരുപാട് യുവതാരങ്ങള്‍ മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

അക്കാരണം കൊണ്ടുതന്നെ രോഹിത് ശര്‍മയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കാവുന്നതാണ്. അതിനൊപ്പം ഇഷാന്‍ കിഷനെ ബാറ്റിംഗ് ഓര്‍ഡറിവല്‍ താഴേക്ക് ഇറക്കുകയും വേണം. ഇപ്പോഴവര്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയും അതിനുള്ള കൃത്യമായ ആസൂത്രണം നടത്തുകയും വേണം,’ മഞ്ജരേക്കര്‍ പറയുന്നു.

രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യരുതെന്നും ഓപ്പണിംഗ് സ്ഥാനം ഏതെങ്കിലും യുവതാരത്തിന് നല്‍കണമെന്നും അദ്ദേഹം പറയുന്നു.

‘രോഹിത്തിന് ഓപ്പണറുടെ റോളില്‍ നിന്നും സ്വയം മാറി നില്‍ക്കാനുള്ള അവസരം വന്നിരിക്കുകയാണ്. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഏതെങ്കിലും യുവതാരത്തിന് അവസരം നല്‍കണം,’ മഞ്ജരേക്കര്‍ പറയുന്നു.

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഈ സീസണ്‍ നിരാശാജനകമായിരുന്നു. ആദ്യ എട്ട് മത്സരത്തിലും തോറ്റുകൊണ്ടായിരുന്നു മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ ഉഴറിയത്.

തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് വഴുതി വീണതിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്ന ആദ്യ ടീം എന്ന നാണക്കേടും അപമാനഭാരവും പേറിയാണ് മുംബൈ ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണോട് വിട പറയുന്നത്.

നിലവില്‍ 12 മത്സരത്തില്‍ നിന്നും 3 ജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ. രണ്ട് മത്സരങ്ങളാണ് മുംബൈയ്ക്ക് ഈ സീസണില്‍ ബാക്കിയുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് ശേഷിക്കുന്ന മത്സരത്തില്‍ മുംബൈയുടെ എതിരാളികള്‍.

Content Highlight:  Former Indian star Sanjay Manjrekar says Rohit Sharma and Jasprit Bumrah should be rested by Mumbai Indians

We use cookies to give you the best possible experience. Learn more