കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യ ആധികാരികമായ വിജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കിയ അടിത്തറയില്‍ നിന്നായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്.
എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 49 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ സ്വന്തമാക്കിയത്.
15 പന്തില്‍ നിന്നും 26 റണ്‍സ് നേടിയാണ് പന്ത് കഴിഞ്ഞ ദിവസം പുറത്തായത്. രവീന്ദ്ര ജഡേജയ്ക്കും രോഹിത് ശര്‍മയ്ക്കും ശേഷം ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം റണ്‍സടിച്ചതും പന്ത് തന്നെയായിരുന്നു.
റിഷബ് പന്തിനെ ഓപ്പണറായി ഇറക്കാനുള്ള തീരുമാനം ഇന്ത്യന്‍ ടീമിലെ രണ്ട് വെറ്ററന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണവുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ പന്ത് അംഗമാവുമെന്നും അവന്‍ തന്നെ ഓപ്പണറാവാന്‍ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
‘റിഷബ് പന്ത് ഓപ്പണറായി കയറിക്കളിച്ചു. സൂര്യകുമാര്‍ യാദവ് ടീമില്‍ ഉള്‍പ്പെട്ടത് പന്ത് ഓപ്പണറായി ഇറങ്ങുന്നതുകൊണ്ട് മാത്രമാണ്.
പന്ത് മികച്ച, ക്വാളിറ്റിയുള്ള താരമാണ്. അവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പ്രതിഭ പലതവണ തെളിയിച്ചതാണ്. അവന്‍ ഇന്ത്യക്കായി ടി-20 ലോകകപ്പില്‍ ഓപ്പണറായി ഇറങ്ങുന്നത് എനിക്ക് കാണാന്‍ സാധിക്കും,’ മഞ്ജരേക്കര്‍ പറയുന്നു.
പന്ത് ഓപ്പണറായി ഇറങ്ങുന്നത് ഏറ്റവുമധികം ബാധിക്കാന്‍ പോവുന്നത് കെ.എല്‍. രാഹുലിനെയും കോഹ്‌ലിയെയാണെന്നും ടീമില്‍ അവരുടെ കാര്യത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
‘ഈ തീരുമാനം ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കാന്‍ പോവുന്നത് വിരാട് കോഹ്‌ലിക്കും കെ.എല്‍. രാഹുലിനും തന്നെയായിരിക്കും. രാഹുല്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങിക്കളിക്കേണ്ടിവന്നേക്കും. ഓപ്പണര്‍ എന്ന നിലയില്‍ പന്ത് ഒരു വണ്‍ മാച്ച് വണ്ടര്‍ ആയില്ലെങ്കില്‍ വിരാട് ടീമില്‍ നിന്നുപോലും പുറത്താവും,’ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.