| Friday, 23rd September 2022, 9:14 am

ഏഷ്യാ കപ്പില്‍ കിടന്ന് തുഴഞ്ഞവന്‍ തന്നെയാണോ ഇത്, വിശ്വസിക്കാനാവുന്നില്ല, മറ്റേതോ ഗ്രഹത്തില്‍ നിന്നും വന്നത് പോലെ; ഇന്ത്യന്‍ ബാറ്ററെ പുകഴ്ത്തി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ട
പ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 208 റണ്‍സ് പടുത്തുയര്‍ത്തിയതിന് ശേഷമായിരുന്നു മത്സരത്തില്‍ അടിയറവ് പറഞ്ഞത്.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കാണിച്ച അതേ വ്യഗ്രത ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വിട്ടുനല്‍കുന്നതിലും കാണിച്ചപ്പോഴായിരുന്നു ഇന്ത്യ പരാജയം രുചിച്ചത്. പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടലേുമാണ് മറണ്‍സ് വഴങ്ങിയതില്‍ പ്രധാനികള്‍.

ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. 30 പന്തില്‍ നിന്നും 71 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് ശേഷമാണ് ഹര്‍ദിക്കിന്റെ ബാറ്റില്‍ നിന്നും മറ്റൊരു കൊടുങ്കാറ്റ് പിറന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 17 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ ഹര്‍ദിക്കിന് ആ പ്രകടനം മറ്റൊരു മത്സരത്തിലും ആവര്‍ത്തിക്കാനായില്ല.

മൊഹാലിയിലെ മത്സരത്തിന് ശേഷം ഹര്‍ദിക്കിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഹര്‍ദിക്കിന്റെ പ്രകടനം മികച്ചതാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.

സ്‌പോര്‍ട്‌സ് 18ന്റെ സ്‌പോര്‍ട്‌സ് ഓവര്‍ ടൈം എന്ന പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജരേക്കര്‍ ഇക്കാര്യം പറഞ്ഞത്.

‘ഏഷ്യാ കപ്പില്‍ അവന്റെ ഫോം നഷ്ടപ്പെട്ടെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അവന്‍ വളരെ പെട്ടെന്ന് തന്നെ മടങ്ങിയെത്തി.

നമ്മള്‍ ഫോമിനെ കുറിച്ച് സംസാരിക്കുമ്പോള്‍ കേവലം വ്യക്തിഗത പ്രകടനത്തെ കുറിച്ചല്ല, മറിച്ച് അവന്‍ ടീമിന് വേണ്ടി സൃഷ്ടിക്കുന്ന ഇംപാക്ടിനെ കുറിച്ചും അവന്‍ കളിക്കുന്ന ഷോട്ടുകളെ കുറിച്ചുമാണ് സംസാരിക്കേണ്ടത്. അവന്‍ മറ്റേതോ ഗ്രഹത്തില്‍ നിന്നുള്ള ആളെ പോലെയാണ് കളിക്കുന്നത്.

മികച്ച റൈവല്‍സിനെതിരെ ക്ലാസ് ബാറ്റിങ്. ആദ്യം ബാറ്റ് ചെയ്യുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഹര്‍ദിക് മികച്ചു നിന്നു. അഭിനന്ദനങ്ങള്‍,’ മഞ്ജരേക്കര്‍ പറയുന്നു.

മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യ 1-0ന് പിറകിലാണ്. പരമ്പരയില്‍ തങ്ങളുടെ സാധ്യതയും ലോകകപ്പിന് മുമ്പ് ടീമിന്റെ കോണ്‍ഫിഡന്‍സും നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്.

വെള്ളിയാഴ്ചയാണ് പരമ്പരയിലെ അടുത്ത മത്സരം. നാഗ്പൂരാണ് വേദി.

Content Highlight: Former Indian star Sanjay Manjrekar praises Hardik Pandya

We use cookies to give you the best possible experience. Learn more