| Monday, 14th November 2022, 7:51 am

അവന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിക്കും, ഉറപ്പ്; സൂര്യയെ പൊക്കി മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് പലതും പഠിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു. ഒരു ടീം സെലക്ട് ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം, ഫോര്‍മാറ്റിന് ഉതകുന്ന താരങ്ങളെയായിരിക്കണം ടീമിലും സ്‌ക്വാഡിലും ഉള്‍പ്പെടുത്തേണ്ടത്, ഫോമിലുള്ള താരങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം തുടങ്ങി പല കാര്യങ്ങളും ഈ ലോകകപ്പ് ഇന്ത്യന്‍ ടീമിനും മാനേജ്‌മെന്റിനും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.

ഫോര്‍മാറ്റ് മാറിയതിനാല്‍ തന്നെ പരാജയമായ താരങ്ങളും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഡിഫൈന്‍ ചെയ്ത താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഇന്ത്യയുടെ മാത്രമായിരുന്നില്ല, ലോകകപ്പിന്റെ തന്നെ ഹൈലൈറ്റ് മൊമെന്റുകളായിരുന്നു.

ഇവര്‍ രണ്ട് പേരില്‍ ഒരാള്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടുമെന്നും പലരും കരുതിയിരുന്നു. സൂര്യകുമാറിന്റെ സ്‌ഫോടനാത്മകമായ ഇന്നിങ്‌സ് അദ്ദേഹത്തിന് ലോകകപ്പിന്റെ താരം എന്ന നേട്ടം നേടിക്കൊടുക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും അതുണ്ടായില്ല.

എന്നാലിതാ, ഇന്ത്യന്‍ ടി-20 ക്രിക്കറ്റില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരാന്‍ താരത്തിന് സാധിക്കും എന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍. ഏത് പ്രതികൂല സാഹചര്യത്തിലും റണ്‍സ് നേടാന്‍ കഴിവുള്ള താരമാണ് സൂര്യയെന്നായിരുന്നു ബാംഗറിന്റെ പ്രതികരണം.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാംഗര്‍ ഇക്കാര്യം പറഞ്ഞത്.

‘അവന്‍ ഒരു ഓള്‍ റൗണ്ട് ബാറ്ററായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് ഫൈന്‍ ലെഗില്‍ മാത്രം ഷോട്ടുകള്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവ് ഉണ്ടായിരുന്നു. ഇപ്പോഴവന്റെ റേഞ്ച് വര്‍ധിച്ചിരിക്കുകയാണ്.

അവനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഏത് മോശം സാഹചര്യത്തിലും ഏത് പ്രതികൂല സമയത്തും അത് ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ ആകട്ടെ അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അവിടേക്കുള്ള തന്റെ ആദ്യ പര്യടനത്തില്‍ തന്നെ അവന്‍ ആ ഇംപാക്ട് നമുക്ക് കാണിച്ചു തന്നു,’ ബാംഗര്‍ പറയുന്നു.

സൂര്യകുമാര്‍ യാദവ് ഒരു മള്‍ട്ടി ഡയമെന്‍ഷനല്‍ താരമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവവാത്മകമായ മാറ്റം സൃഷ്ടിക്കുമെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരാന്‍ പോകുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. അവനൊരു മള്‍ട്ടി ഡയമെന്‍ഷനല്‍ കളിക്കാരനാണ്.

ഒമ്പതാം നമ്പറിലും പത്താം നമ്പറിലുമടക്കം ഓള്‍ റൗണ്ടര്‍മാരുള്ള ഇംഗ്ലണ്ട് ടീമിന് സമാനമായി അവനെ പോലെയുള്ള മള്‍ട്ടി ഡയമെന്‍ഷനല്‍ താരങ്ങളെ നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു,’ ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത് താരവും ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാമനുമാണ് സൂര്യകുമാര്‍ യാദവ്. 59.75 ശരാശരിയില്‍ 239 റണ്‍സാണ് താരം നേടിയത്. 242 റണ്‍സ് നേടിയ നെതര്‍ലന്‍ഡ്‌സിന്റെ മാക്‌സ് ഒ ഡൗഡും 296 റണ്ണടിച്ച വിരാട് കോഹ്‌ലിയും മാത്രമാണ് സ്‌കൈയേക്കാള്‍ റണ്‍സ് നേടിയത്.

Content Highlight: Former Indian star Sanjay Banger praises Suryakumar Yadav

We use cookies to give you the best possible experience. Learn more