തുര്‍ച്ചയായ രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ തുലാസിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് നാല് വിക്കറ്റിന് പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയോട് ഒറ്റ റണ്‍സിനായിരുന്നു തോല്‍വിയേറ്റുവാങ്ങിയത്.
ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. പാക് പടയെ പോലെ കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട നെതര്‍ലന്‍ഡ്‌സ് മാത്രമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് പിറകിലുള്ളത്. ഇനി പാകിസ്ഥാന്റെ സെമി സാധ്യത കണക്കാക്കണമെങ്കില്‍ കാല്‍ക്കുലേറ്റര്‍ കയ്യിലെടുക്കേണ്ട അവസ്ഥയാണ്.
എന്നാല്‍ പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ വിദൂര സാധ്യതയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റമായ സഞ്ജയ് ബാംഗര്‍. ചില മത്സരങ്ങളെ മഴ കൊണ്ടുപോയാല്‍ പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് ബാംഗറിന്റെ നിരീക്ഷണം.
‘അവരിപ്പോള്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളണം. എന്താണ് അതിന്റെ ഫലം? ഇനിയുള്ള പല മത്സര ഫലങ്ങളും അവര്‍ക്ക് അനുകൂലമാകേണ്ടതുണ്ട്. ചിലപ്പോള്‍ മഴ കാരണം ഉപേക്ഷിക്കപ്പെടുന്ന മത്സരങ്ങളും മറ്റും അവര്‍ക്ക് അനുകൂലമായി വന്നേക്കാം.
എന്നാല്‍ സിംബാബ്‌വേക്കെതിരെ ജയിക്കേണ്ടിയിരുന്ന മത്സരം കൈവിട്ടുപോയതില്‍ അവര്‍ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു,’ സഞ്ജയ് ബാംഗര്‍ പറയുന്നു.
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മോശം ലോകകപ്പ് തുടക്കമായിരിക്കാം ഇത്. ജയമുറപ്പിച്ച സാഹചര്യത്തില്‍ നിന്നുമാണ് രണ്ട് മത്സരങ്ങളും പാകിസ്ഥാന് നഷ്ടമായത്.
ടീമിന്റെ തോല്‍വിക്കൊപ്പം തന്നെ ക്രിക്കറ്റിലെ തന്നെ മോസ്റ്റ് ഡിസ്ട്രക്ടീവ് ഡുവോ എന്ന് വിശേഷിപ്പിക്കപ്പെട്ട ഓപ്പണര്‍മാരുടെ മോശം ഫോമും പാകിസ്ഥാന് തിരിച്ചടിയാവുന്നുണ്ട്.
ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഓപ്പണിങ് കൂട്ടുകെട്ട് മാത്രമല്ല, ഒരു ബാറ്റര്‍ എന്ന നിലയിലും ലോകകപ്പില്‍ ഇരുവരും പരാജയമായിരുന്നു.
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ബാബര്‍, ഷെവ്‌റോണ്‍സിനെതിരെ കേവലം രണ്ട് റണ്‍സ് മാത്രമാണ് നേടിയത്. റിസ്വാന്റെ കാര്യവും വ്യത്യസ്തമല്ല.
ടീം സെലക്ഷനിലെ പാളിച്ചയാണ് പാകിസ്ഥാന് വമ്പന്‍ തിരിച്ചടി നല്‍കിയതെന്നാണ് കണക്കാക്കപ്പെടുന്നത്. പാകിസ്ഥാന്റെ മോശം ടീം സെലക്ഷനില്‍ മുന്‍ താരങ്ങളടക്കം ക്രിക്കറ്റ് ബോര്‍ഡിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
ഇനി പാകിസ്ഥാന് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോരാ, മറിച്ച് മറ്റ് ടീമുകളുടെ ഫലത്തെയും ആശ്രയിക്കേണ്ടി വരും.