ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്ന നിരീക്ഷവുമായി മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബ കരീം.
വിദര്‍ഭയിവല്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ കെ.എല്‍. രാഹുല്‍ ഒരിക്കലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യരുതെന്നും മിഡില്‍ ഓര്‍ഡറിലേക്ക് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എല്‍. രാഹുല്‍ ടെക്‌നിക്കലി മികച്ച താരമാണെന്നും മധ്യനിരയില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും സാബ കരീം പറഞ്ഞു.
‘ഇത് തന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവി തന്നെ തീരുമാനിക്കും എന്നുള്ളതിനാല്‍ കെ.എല്‍. രാഹുലിനെ സംബന്ധിച്ച് ഈ പരമ്പര അത്രത്തോളം നിര്‍മായകമാണ്. രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്ത കാലത്തൊന്നും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ രാഹുലിന് സാധിച്ചിട്ടില്ല. കെ.എല്‍. രാഹുല്‍ ടീമിനായി രണ്ട് മൂന്ന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചേ മതിയാകൂ,’ അദ്ദേഹം പറഞ്ഞു.
കെ.എല്‍. രാഹുലിന് പകരം ശുഭ്മന്‍ ഗില്ലിനെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ ഇറക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗില്‍ വെറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
‘ശുഭ്മന്‍ ഗില്ലായിരിക്കണം ഇന്ത്യയുടെ രണ്ടാം ഓപ്പണര്‍, കാരണം കെ.എല്‍. രാഹുലിന് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കും. അത് നമ്മുടെ ബാറ്റിങ് യൂണിറ്റിനെ ശക്തിപ്പെടുത്തും. ഇത് അവന് പ്രിപ്പെയര്‍ ചെയ്യാനുള്ള സമയവും നല്‍കും.
ഇന്ത്യക്ക് ടെക്‌നിക്കലി മികച്ച ബാറ്ററെ അഞ്ചാം നമ്പറില്‍ ആവശ്യമുണ്ട്. സ്പിന്നേഴ്‌സിനെയും കട്ടേഴ്‌സിനെയും ഒരുപോലെ നേരിടാന്‍ പോന്ന ബാറ്ററെയാണ് ടീമിന് വേണ്ടത്,’ സാബ കരീം കൂട്ടിച്ചേര്‍ത്തു.
മുന്‍ താരത്തിന്റെ ഈ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. കെ.എല്‍. രാഹുലിന്റെ കരിയര്‍ അവസാനിച്ചെന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം. എന്നാല്‍ അതല്ല, രാഹുല്‍ ഈ പരമ്പരയില്‍ തിരിച്ചുവരുമെന്നും ചിലര്‍ പറയുന്നുണ്ട്.
എന്തുതന്നെയായാലും അവസരം കാത്തിരിക്കുന്ന പലരും പുറത്തുണ്ടെന്നിരിക്കെ ഈ പരമ്പര രാഹുലിന്റെ കരിയറിലെ തന്നെ നിര്‍ണായകമായ ഒന്നാകുമെന്നുറപ്പാണ്.
ഇന്ത്യ സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)
ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ഓസ്‌ട്രേലിയ സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്വെപ്‌സണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍.
Content highlight: Former Indian star Saba Karim about KL Rahul