Sports News
അവനെ അവന്റെ പാട്ടിന് വിട്ടേക്ക്, അവനറിയാം ഏങ്ങനെ കളിക്കണമെന്ന്; സൂര്യകുമാറിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 02, 04:24 pm
Friday, 2nd September 2022, 9:54 pm

ഏഷ്യാ കപ്പില്‍ ഗ്രുപ്പിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെതിരെ സൂര്യകുമാര്‍ യാദവ് 26 പന്തുകളില്‍ നിന്നും 68 റണ്‍സ് നേടിക്കൊണ്ട് ഇന്ത്യയെ വിജയിപ്പിക്കുകയും ഗ്രൂപ്പിലെ ഒന്നാമതായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. ഹോങ്കോങിനെ പരാജയപ്പെടുത്തിയതിലുടെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് ഇന്ത്യന്‍ ടീം അര്‍ഹത നേടി.

സൂര്യകുമാര്‍ കളത്തിലിറങ്ങിയതിന് ശേഷം തീ പറക്കുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്. സൂര്യകുമാറിന്റെ പ്രകടനത്തില്‍ ടീമില്‍ നിന്നും ആരാധകരില്‍ നിന്നും മികച്ച കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യ-ഹോങ്കോങ് മത്സരത്തില്‍ ഇത്രനാള്‍ കണ്ടുവന്ന സൂര്യ കുമാറില്‍ നിന്നും വ്യത്യസ്തമായി എല്ലാ പന്തുകളും ആക്രമിച്ചു കളിക്കുന്ന സൂര്യകുമാറിനെയാണ് കാണാന്‍ കഴിഞ്ഞത്.

ഓസ്‌ട്രേലിയില്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പ് ഇന്ത്യക്ക് വിജയിക്കണമെങ്കില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ പങ്കാളിത്തം വളരെ വലുതാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്‌കര്‍.

ലൈനപ്പില്‍ തന്റെ ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കാനുള്ള അവകാശവും യാദവിന് തന്നെ നല്‍കണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഹോങ്കോങിനെതിരെ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശരിയായി ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയപ്പോള്‍ അസാധാരണമായ രീതിയില്‍ ബാറ്റ് ചെയ്ത സൂര്യകുമാറിനെ അഭിനന്ദിക്കാനും രോഹന്‍ ഗവാസ്‌കര്‍ മറന്നില്ല.

ഹോങ്കോങിനെതിരെയുള്ള മത്സരത്തില്‍ അവസാന ഓവറില്‍ നാല് സിക്സറുകളും ഒരു ഡബിളും ഉള്‍പ്പെടെ 26 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ഇന്ത്യന്‍ സ്‌കോര്‍ 192 ലേക്ക് ഉയര്‍ത്താനും താരത്തിന് സാധിച്ചിരുന്നു. സൂര്യ കുമാര്‍ യാദവിനെ പിന്തുണച്ചു കൊണ്ട് വിരാട് കോഹ്‌ലിയും 44 പന്തുകളില്‍ 59 റണ്‍സ് നേടി പുറത്താവതിരുന്നു.

വരാനിരിക്കുന്ന മത്സരങ്ങളിലും സൂര്യകുമാറിന്റെ മികച്ച പ്രകടനത്തിന് കാത്തിരിക്കുകയാണ് അരാധകരും ടീമും. താരത്തിന്റെ ഫോം ടി-20 ലോകകപ്പില്‍ ഇന്ത്യക്ക് വളരെ പ്രധാനമാണ്.

 

Content highlight:  Former Indian star Rohan Gavaskar about Suryakumar Yadav