ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ. തന്റെ 38ാം പിറന്നാള്‍ ദിനത്തില്‍ യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഉത്തപ്പ ഷമിയെ പുകഴ്ത്തി സംസാരിച്ചത്.
സ്ഥിരതയുടെ കാര്യത്തില്‍ ഷമിയെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഉത്തപ്പ സംസാരിച്ചത്.
‘ഫാസ്റ്റ് ബൗളിങ്ങിലെ വിരാട് കോഹ്‌ലിയാണ് മുഹമ്മദ് ഷമിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവന്‍ ബൗളിങ്ങില്‍ ഉറച്ചുനില്‍ക്കുകയും ലൈനും ലെങ്തും സീം പൊസിഷനും നിലനിര്‍ത്തിക്കൊണ്ട് പന്തെറിയുന്നത് ഏറെ ശ്രദ്ധേയമാണ്. ആ ഏരിയയില്‍ അഞ്ചോ ആറോ പന്തുകള്‍ കൃത്യമായി എറിയാന്‍ സാധിച്ചാല്‍ മൂന്നോ നാലോ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം മനസിലാക്കുന്നു,’ ഉത്തപ്പ പറഞ്ഞു.
പേസ് നിരയിലെ മറ്റ് രണ്ട് സൂപ്പര്‍ താരങ്ങളെ കുറിച്ചും ഉത്തപ്പ സംസാരിച്ചിരുന്നു. ആദ്യ ഓവറുകളില്‍ ബുംറ സൃഷ്ടിക്കുന്ന സമ്മര്‍ദം മുതലാക്കിക്കൊണ്ട് ഷമിയും സിറാജും വിക്കറ്റ് വീഴ്ത്തുകയാണെന്നായിരുന്നു ഉത്തപ്പ പറഞ്ഞത്.
ഈ ലോകകപ്പില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും രണ്ട് 5 വിക്കറ്റ് നേട്ടമടക്കം 16 വിക്കറ്റാണ് ഷമി നേടിയത്. 4.30 എന്ന എക്കോണമിയിലും ഏഴ് എന്ന ശരാശരിയിലും പന്തെറിയുന്ന ഷമിയുടെ ലോകകപ്പിലെ സ്‌ട്രൈക്ക് റേറ്റ് 9.75 ആണ്.
ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ലോകകപ്പുകളില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡും ഷമി തന്റെ പേരില്‍ കുറിച്ചിരുന്നു.
സഹീര്‍ ഖാന്റെയും ജവഗല്‍ ശ്രീനാഥിന്റെയും വിക്കറ്റ് നേട്ടങ്ങളുടെ റെക്കോഡ് മറികടന്നാണ് ഷമി ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായത്.
15 മത്സരത്തില്‍ നിന്നും 47 വിക്കറ്റാണ് ഷമി നേടിയത്. ലോകകപ്പില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ച ഷമി നാല് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Former Indian star Robin Uthappa praises Mohammed Shami