ഇന്ത്യന്‍ താരം ഹര്‍ഷല്‍ പട്ടേലിനെതിരെ വിമര്‍ശനുവുമായി മുന്‍ ഇന്ത്യന്‍ താരം രീതീന്ദര്‍ സോധി. ടി-20 ലോകകപ്പിന് മുമ്പായി ഏറ്റവുമധികം നിരാശപ്പെടുത്തിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍ എന്നായിരുന്നു സോധിയുടെ വിമര്‍ശനം.
ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരക്ക് ശേഷമാണ് സോധി ഹര്‍ഷലിന്റെ മോശം പ്രകടനത്തിനെതിരെ തുറന്നടിച്ചത്.
പരമ്പരയുടെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഹര്‍ഷല്‍ നടത്തിയത്. 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റായിരുന്നു താരം ആദ്യ മത്സരത്തില്‍ നേടിയത്. എന്നാല്‍ ആ മികവ് തുടര്‍ന്നുള്ള മത്സരത്തില്‍ ആവര്‍ത്തിക്കാന്‍ ഹര്‍ഷല്‍ പട്ടേലിനായില്ല.
രണ്ടാം മത്സരത്തില്‍ ഒറ്റ വിക്കറ്റ് പോലും നേടാതെ 45 റണ്‍സ് വഴങ്ങിയപ്പോള്‍ മൂന്നാം മത്സരത്തില്‍ 49 റണ്‍സാണ് പട്ടേല്‍ വഴങ്ങിയത്. രണ്ടാം മത്സരത്തിലെന്ന പോലെ വിക്കറ്റ് നേടാതെ റണ്‍സ് വിട്ടുകൊടുക്കുക മാത്രമാണ് ഹര്‍ഷല്‍ ചെയ്തത്.
ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ അംഗം കൂടിയാണ് ഹര്‍ഷല്‍.
താരത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് സോധി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
‘അവന്‍ വളരെയധികം നിരാശപ്പെടുത്തുകയാണ്. കാരണം അന്നും ഇന്നും അവന്‍ സ്ലോവര്‍ ബോളുകള്‍ മാത്രമാണ് എറിയുന്നത്. ബൗളിങ്ങില്‍ നിങ്ങള്‍ക്ക് വേരിയേഷന്‍സ് വേണം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വേരിയേഷന്‍ ഉണ്ടായേ മതിയാവൂ.
ടി-20 ഫോര്‍മാറ്റില്‍ ഒരു ടീമിനെ 200 റണ്‍സിലധികം നേടാന്‍ അനുവദിക്കുന്നത് ഒട്ടും നന്നല്ല,’ എന്നായിരുന്നു സോധിയുടെ അഭിപ്രായം.
ഹര്‍ഷലിന് പുറമെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാര്‍ എല്ലാവരും തന്നെ റണ്‍സ് വഴങ്ങുന്നു എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദന. പേസര്‍മാരും സ്പിന്നര്‍മാരും അടക്കം ഇന്ത്യയുടെ ഒട്ടുമിക്ക ബൗളര്‍മാരും റണ്‍സ് വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ല.
ലോകകപ്പിന് മുമ്പ് നടന്ന ഇന്ത്യയുടെ രണ്ട് പരമ്പരകളിലും ബൗളര്‍മാരുടെ ധാരാളിത്തം വ്യക്തമായിരുന്നു. ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യ പര്യടനത്തിലും ബൗളര്‍മാര്‍ ഒരു പിശുക്കും കാണിക്കാതെ റണ്‍സ് വഴങ്ങിക്കൊണ്ടേയിരുന്നു.
ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ബൗളര്‍മാര്‍ ചെണ്ടകളാകുന്നത് ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കുന്നത്.