| Thursday, 20th October 2022, 8:31 am

അവന്‍മാര്‍ ചീറ്റ് ചെയ്യുകയല്ലേ, നിങ്ങളത് ചെയ്യ് പിള്ളേരേ; തുറന്നടിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

മുമ്പ് മന്‍കാദിങ് എന്നറിയപ്പെട്ടിരുന്ന പുറത്താക്കല്‍ രീതിയെ പിന്തുണച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബാറ്റര്‍മാര്‍ വഞ്ചന കാണിക്കുകയാണെന്നും അതിനാല്‍ തന്നെ ഇങ്ങനെ റണ്‍ ഔട്ടാക്കുന്നതില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ലെന്നുമായിരുന്നു ശാസ്ത്രി പറഞ്ഞത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ജൂലന്‍ ഗോസ്വാമിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് താരം ചാര്‍ളി ഡീനിനെ ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാക്കിയതോടെയാണ് മുന്‍ ഇന്ത്യന്‍ താരം വിനു മന്‍കാദിന്റെ പേരില്‍ പ്രശസ്തമായ ഈ റണ്‍ ഔട്ട് രീതി വീണ്ടും ചര്‍ച്ചാ വിഷയമായത്.

അന്ന് ദീപ്തിയെ പിന്തുണച്ചും വിമര്‍ശിച്ചും ക്രിക്കറ്റ് രംഗത്തെ അതികായരടക്കം രംഗത്തെത്തിയതോടെ വലിയ വിവാദത്തിനായിരുന്നു സംഭവം വഴി വെച്ചത്.

ദീപ്തിയെ പിന്തുണച്ചവരില്‍ പ്രധാനിയായിരുന്നു മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇപ്പോഴിതാ അക്കാര്യത്തില്‍ വീണ്ടും തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് രവി ശാസ്ത്രി.

ആ റണ്‍ ഔട്ട് രീതി ഇപ്പോള്‍ നിയമവിധേയമാണെന്നും അതുകൊണ്ട് ബാറ്ററെ അത്തരത്തില്‍ പുറത്താക്കുന്നിതില്‍ തെറ്റില്ല എന്നുമാണ് താന്‍ കരുതുന്നതെന്നും ശാസ്ത്രി പറയുന്നു.

ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇക്കാര്യം പറഞ്ഞത്.

‘ബൗളറുടെ കൈയില്‍ നിന്നും പന്ത് റിലീസ് ചെയ്യുന്നത് വരെ ബാറ്റര്‍ ക്രീസിന് വെളിയിലിറങ്ങി ചുറ്റി തിരിയേണ്ട ആവശ്യമില്ലെന്ന് ക്രിക്കറ്റ് നിയമത്തിലുള്ളതാണ്.

എന്റെ അഭിപ്രായത്തില്‍ ഇതാണ് യഥാര്‍ത്ഥ ചീറ്റിങ്. ബൗളര്‍ക്ക് ബാറ്ററെ റണ്‍ ഔട്ടാക്കാന്‍ എല്ലാ വിധത്തിലുമുള്ള അവകാശവുമുണ്ട്,’ രവി ശാസ്ത്രി പറയുന്നു.

മന്‍കാദിങ് നിയമ പ്രകാരം അനുവദിക്കുന്നുണ്ടെങ്കില്‍ ഒരു കോച്ച് എന്ന നിലയില്‍ അത് ചെയ്യാനാണ് താന്‍ ആവശ്യപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പല താരങ്ങളും ഇപ്പോള്‍ മന്‍കാദുമായോ മന്‍കാദിങ്ങുമായോ യോജിച്ച് വരുന്നുണ്ട്. ഒരു കോച്ച് എന്ന നിലയില്‍, നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ എതിര്‍ ടീം ബാറ്ററെ മന്‍കാദ് ചെയ്യാനാണ് ഞാനെപ്പോഴും എന്റെ കുട്ടികളോട് പറയുക. നിങ്ങളൊരിക്കലും അവിടെ വഞ്ചന പ്രവര്‍ത്തിക്കുന്നില്ല,’ രവി ശാസ്ത്രി പറയുന്നു.

Content Highlight:  Former Indian star Ravi Shastri supports Mankadig

We use cookies to give you the best possible experience. Learn more