ഹര്‍ദിക് പാണ്ഡ്യയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുക എന്ന റിസ്‌ക് ഒരിക്കലും എടുക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക്കിനെ ടി-20 മത്സരങ്ങള്‍ കളിപ്പിച്ചാല്‍ മതി എന്നാണ് രവി ശാസ്ത്രിയുടെ നിര്‍ദേശം.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിക്കിടെയായിരുന്നു ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
‘അവന്‍ ഒരു ബാറ്ററായോ ഓള്‍ റൗണ്ടറായ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ഞാന്‍ കരുതുന്നത്. ടീമിന് വേണ്ടി രണ്ട് ഓവര്‍ പോലും എറിയാന്‍ കഴിയാത്ത രീതിയില്‍ അവന് പരിക്കേറ്റിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
അവന് ആവശ്യത്തിലധികം വിശ്രമം ലഭിച്ചിട്ടുണ്ട്. അവന്‍ അത് തുടരുകയും ചെയ്യും, കാരണം വേള്‍ഡ് കപ്പില്‍ കളിക്കാനായി അവന്‍ ഈയൊരു ഫോര്‍മാറ്റില്‍ (ടി-20) മാത്രമാണ് കളിക്കേണ്ടത്. അവനെക്കൊണ്ട് ഏകദിനം കളിപ്പിക്കുന്നതുപോലുള്ള റിസ്‌ക് ഒരിക്കലും എടുക്കരുത്,’ ശാസ്ത്രി പറഞ്ഞു.
ഐ.പി.എല്ലിലെ മിന്നുന്ന ഫോമിന് പിന്നാലെയാണ് ഹര്‍ദിക്കിനെ തേടി ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിളിയെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ താരം ടീമില്‍ ഉള്‍പ്പെട്ടിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് താരം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. പുറം വേദനയെ തുടര്‍ന്ന് ബൗളിംഗില്‍ നിന്നും വിട്ടുനിന്ന താരം ഐ.പി.എല്‍ 2022ല്‍ പന്തുകൊണ്ട് തനിക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചുകൊടുത്തിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഫൈനല്‍ മത്സരത്തിലും താരം തന്റെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുകയും വിശ്വസ്തനായ ഒരു ഓള്‍ റൗണ്ടറാവാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും തെളിയിച്ചിരുന്നു.
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് നേടുന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഹര്‍ദിക് നേരത്തെ പറഞ്ഞിരുന്നു.
‘എന്ത് സംഭവിച്ചാലും ഇന്ത്യക്ക് ലോകകപ്പ് നേടുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. ടീമിനെ മുന്നിലെത്തിക്കാന്‍ ഞാന്‍ എന്റെ എല്ലാ കഴിവുകളും ഉപയോഗിക്കും. അത്തരത്തിലുള്ള ഒരു കളിക്കാരാനാകാനാണ് എനിക്കിഷ്ടം’. ഹര്‍ദിക്ക് പറഞ്ഞു
വേറെ ഏതൊക്കെ ടീമില്‍ കളിച്ചാലും ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് ഇപ്പോഴും ഒരു സ്വപ്നസാക്ഷാത്കാരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
2021ല്‍ നടന്ന ടി-20 ലോകകപ്പിലായിരുന്നു താരം അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത് എന്നാല്‍ ഈ ഐ.പി.എല്‍ സീസണിലെ മികച്ച പ്രകടനം താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരക്കുള്ള ടീമിലാണ് ഹര്‍ദിക്കിന് അവസരം ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് എല്ലായ്പ്പോഴും സന്തോഷമുണ്ട്, എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയുമെല്ലാം ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതുകൊണ്ടാണ്, അത് കൊണ്ട് എന്തൊക്കെ സംഭവിച്ചാലും ലോകകപ്പ് നേടണം എന്ന ഒറ്റ ചിന്ത മാത്രമേയുള്ളുവെന്നും ഹര്‍ദിക്ക് പറഞ്ഞു.
Content Highlight: Former Indian star Ravi Shahstri says don’t let Hardik Pandya play ODI