ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍. എം.എസ്. ധോണി എന്ന മഹാമേരുവിന് മുന്നില്‍ അവസരം ലഭിക്കാതെ പോയ, തുടര്‍ന്ന് ഇന്ത്യന്‍ ജേഴ്‌സിയോട് വിടപറേണ്ടി വന്ന താരമായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍.
ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ലെങ്കിലും ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പാര്‍ത്ഥിവ് പട്ടേല്‍ അനലിസ്റ്റ് എന്ന നിലയിലാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് സജീവമാവുന്നത്.
ഇപ്പോഴിതാ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ലൈനപ്പിനെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് പട്ടേല്‍. ഇന്ത്യന്‍ നിരയില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് വിരാട് കോഹ്‌ലിയായിരിക്കണമെന്നാണ് താരം പറയുന്നത്.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.
വിരാട് കോഹ്‌ലിയുടെ കഴിവിനെ കുറിച്ച് ആര്‍ക്കും ഒരു സംശയവുമുണ്ടാവാന്‍ പോവുന്നില്ലെന്നും രോഹിത് ശര്‍മയ്‌ക്കൊപ്പം അദ്ദേഹമായിരിക്കണം ഓപ്പണ്‍ ചെയ്യേണ്ടത് എന്നുമാണ് പട്ടേല്‍ പറയുന്നത്.
‘വിരാടിന്റെ കഴിവിനെ കുറിച്ച് ഒരു സംശയവുമില്ല. ഇത് ഫോമിന്റെ പ്രശ്‌നമാണ്, ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാമിരിക്കുന്നത്. ഇതുകൊണ്ടാണ് ഏഷ്യാ കപ്പ് ക്രൂഷ്യലാവുന്നത്.
ഞാനെപ്പോഴും ടീമിന്റെ കോമ്പിനേഷനെ കുറിച്ചാണ് സംസാരിക്കുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ടതും. കെ.എല്‍. രാഹുല്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് നിങ്ങള്‍ കണ്ടേക്കാം.
പല ഓപ്പണര്‍മാരെയും ഇന്ത്യ ഇതിനോടകം പരീക്ഷിച്ചിട്ടുണ്ട്. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ് എന്നവരെയെല്ലാം ഇന്ത്യ പരീക്ഷിച്ചു. എന്നാല്‍ വിരാടായിരിക്കണം ഏഷ്യാ കപ്പില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത്,’ പട്ടേല്‍ പറഞ്ഞു.
നിലവില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണെങ്കിലും ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് സെലക്ടര്‍മാരോട് കോഹ്‌ലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഗസ്റ്റ് എട്ടിനകം സ്‌ക്വാഡ് പ്രഖ്യാപിക്കണമെന്നിരിക്കെ സെലക്ടമാര്‍ പലകുറി ആലോചിച്ചാവും ടീം തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20യ്ക്കിടെ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കാം.