സഞ്ജു സാംസണും റിഷബ് പന്തും ഒരുമിച്ച് ടീമില്‍ കളിക്കണം; രണ്ട് വിക്കറ്റ് കീപ്പര്‍മാരെയും പ്ലെയിങ് ഇലവന്റെ ഭാഗമാക്കി ലോകകപ്പ് വിന്നര്‍
T20 world cup
സഞ്ജു സാംസണും റിഷബ് പന്തും ഒരുമിച്ച് ടീമില്‍ കളിക്കണം; രണ്ട് വിക്കറ്റ് കീപ്പര്‍മാരെയും പ്ലെയിങ് ഇലവന്റെ ഭാഗമാക്കി ലോകകപ്പ് വിന്നര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st June 2024, 12:11 pm

വരാനിരിക്കുന്ന ലോകകപ്പില്‍ സഞ്ജു സാംസണും റിഷബ് പന്തും ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമാകണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും 2007 ടി-20 ലോകകപ്പ് ജേതാവുമായ ആര്‍.പി. സിങ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോഹ്‌ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും എന്നാല്‍ ഈ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെയും ബാറ്റിങ് കരുത്ത് ടീമിന് ഉപകാരപ്പെടുത്താമെന്നും സിങ് അഭിപ്രായപ്പെട്ടു.

ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സിങ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഐ.പി.എല്‍ 2024ല്‍ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്തും പുറത്തെടുത്തത്. ഇക്കാരണം കൊണ്ടുതന്നെ ഇവരില്‍ ആര് ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമാകണമെന്നത് രോഹിത് ശര്‍മക്കും രാഹുല്‍ ദ്രാവിഡിനും തലവേദന സൃഷ്ടിച്ചേക്കും.

സീസണില്‍ 15 മത്സരത്തില്‍ നിന്നും 48.27 ശരാശരിയിലും 153.47 സ്‌ട്രൈക്ക് റേറ്റിലും 531 റണ്‍സാണ് രാജസ്ഥാന്‍ നായകന്‍ സ്വന്തമാക്കിയത്. അഞ്ച് അര്‍ധ സെഞ്ച്വറിയാണ് വലംകയ്യന്‍ ബാറ്റര്‍ തന്റെ പേരില്‍ കുറിച്ചത്.

 

13 മത്സരത്തില്‍ നിന്നും 155.40 സ്‌ട്രൈക്ക് റേറ്റിലും 42.55 ശരാശരിയിലും 446 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയ ഇടംകയ്യന്‍ ബാറ്ററിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 88* ആണ്.

‘ലോകകപ്പില്‍ ഇന്ത്യക്കായി വിരാട് കോഹ്‌ലി രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ റിഷബ് പന്തും ഇറങ്ങട്ടെ. ഹര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലും എത്തണം. ക്യാപ്റ്റന്റെയും കോച്ചിന്റെയും തീരുമാനമനുസരിച്ചാകും ടീം തീരുമാനിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമിന് ഇത്തരമൊരു ലൈനപ്പാണ് ലോകകപ്പില്‍ ആവശ്യം,’ ആര്‍.പി. സിങ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ചും മുന്‍ ഇന്ത്യന്‍ പേസര്‍ പറഞ്ഞു.

‘ഒരു കളിക്കാരന്‍ എന്ന നിലയില്‍ എന്താണ് പ്രധാനം? കഴിഞ്ഞ ഐ.പി.എല്ലില്‍ ഹര്‍ദിക് തന്റെ പരമാവധി ടീമിന് വേണ്ടി ചെയ്തു. അവന്‍ മത്സരത്തില്‍ നാല് ഓവര്‍ ബൗള്‍ ചെയ്യുന്നുണ്ട്. ഇത് വളരെ പ്രധാനമാണ്.

ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തണമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം വളരെയധികം നിര്‍ണായകമാകും. അദ്ദേഹം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ മികച്ച ഫോം കണ്ടെത്തിയാല്‍ അത് ടീമിന് വളരെയധികം ഉപകാരമാവും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Former Indian star pacer RP Singh says India should include both Sanju Samson and Rishabh Pant in playing eleven