ബാറ്റിംഗ് ഒരു കലയാണെങ്കില്‍, അവന്‍ മികച്ച കലാകാരനാണ്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ വാനോളം പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍
IPL
ബാറ്റിംഗ് ഒരു കലയാണെങ്കില്‍, അവന്‍ മികച്ച കലാകാരനാണ്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ വാനോളം പുകഴ്ത്തി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th April 2022, 10:54 am

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന് പിന്നാലെ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുലിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സ് ഒഫീഷ്യലുമായ ഇര്‍ഫാന്‍ പത്താന്‍.

കെ.എല്‍. രാഹുലിന്റെ ബാറ്റിംഗിനെയും ബാറ്റിംഗ് ശൈലിയേയും പുകഴ്ത്തിക്കൊണ്ടാണ് താരം രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു പത്താന്റെ പ്രതികരണം.

‘ബാറ്റിംഗ് ഒരു കലയാണ്, കെല്‍.എല്‍. രാഹുല്‍ കലാകാരനാണ് (ബാറ്റിംഗ് ഈസ് ആന്‍ ആര്‍ട്ട്, കെ.എല്‍. രാഹുല്‍ ഈസ് ആന്‍ ആര്‍ട്ടിസ്റ്റ്) എന്നായിരുന്നു പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം മാസ്മരിക പ്രകടനമായിരുന്നു രാഹുല്‍ പുറത്തെടുത്തത്. സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരത്തിന്റെ വെടിക്കെട്ടിലായിരുന്നു ലഖ്‌നൗ കഴിഞ്ഞ ദിവസം മുംബൈയെ തരിപ്പണമാക്കിയത്.

62 പന്തില്‍ നിന്നും പുറത്താവാതെ 103 റണ്‍സാണ് രാഹുല്‍ നേടിയത്. ക്യാപ്റ്റന്റെ വീരോചിതമായ ഇന്നിംഗ്‌സാണ് ലഖ്‌നൗവിന് തുണയായത്.

ഒരറ്റത്ത് വിക്കറ്റുകള്‍വീഴുമ്പോഴും മറുവശത്ത് പാറപോലെ ഉറച്ചുനിന്നായിരുന്ന രാഹുല്‍ ടീം സ്‌കോറിനെ മുന്നോട്ട് നയിച്ചത്.

കഴിഞ്ഞ ദിവസം നേടിയ സെഞ്ച്വറിയോടെ ഏറ്റവുമധികം റണ്ണടിക്കുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാമതെത്താനും താരത്തിനായി. ഇതോടെ 8 മത്സരത്തില്‍ നിന്നും 368 റണ്‍സാണ് രാഹുല്‍ തന്റെ പേരിലാക്കിയത്.

സീസണിലെ വേഗത്തിലുള്ള സെഞ്ച്വറി നേട്ടവും രാഹുലിന്റെ പേരില്‍ തന്നെയാണ്. മുംബൈയ്‌ക്കെതിരെ 56 പന്തില്‍ നിന്നും 171.66 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

കെ.എല്‍. രാഹുലിന് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍ മാത്രമാണ് ഈ സീസണില്‍ സെഞ്ച്വറി നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയാണ് സീസണില്‍ ബട്‌ലറിന്റെ പേരിലുള്ളത്.

Content Highlight: Former Indian Star Pacer Irfan Pathan Praises Lucknow Super Giants Skipper KL Rahul