| Wednesday, 24th May 2023, 8:50 pm

ഫോം ഔട്ടല്ല, റണ്‍സ് എടുക്കാന്‍ പറ്റാത്തതാണ്; രോഹിത് ഒരിക്കലും ഫോം ഔട്ടാകില്ല, ഞാനത് സമ്മതിച്ച് തരില്ല; അവകാശവാദവുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഒരിക്കലും ഫോം ഔട്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുരളി കാര്‍ത്തിക്. താനിക്കാര്യം ആയിരം തവണ പറഞ്ഞതാണെന്നും രോഹിത്തിന്റെ നിലവിലെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘രോഹിത് ശര്‍മ ഫോം ഔട്ടാകുമെന്ന് ഞാനൊരിക്കലും സമ്മതിച്ച് തരില്ല. ഞാനിത് ഒരായിരം തവണ പറഞ്ഞതാണ്. ഇതൊരിക്കലും അങ്ങനെയല്ല. ആദ്യ പന്തില്‍ തന്നെ സിക്‌സറടിക്കാന്‍ രോഹിത്തിന് സാധിക്കും. അവന്‍ ഫോം ഔട്ടല്ല, അവന് വേണ്ടത്ര റണ്‍സ് നേടാന്‍ സാധിക്കാതെ പോകുന്നതാണ്.

അവന്‍ ചിന്തിക്കുന്ന രീതി തെറ്റാണ്. അവന്റെ സമീപനവും തെറ്റാണ്. അവന്‍ റണ്‍സ് നേടുന്നുണ്ട്, അതുകൊണ്ട് അവന്‍ ഫോം ഔട്ടാണെന്ന് പറയാന്‍ സാധിക്കില്ല,’ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘അവന്‍ ക്യാപ്റ്റനാണ്. തന്റെ ടീമിന് വേണ്ട നിര്‍ദേശങ്ങള്‍ അവന്‍ നല്‍കുന്നുണ്ട്. അവനൊരു ലീഡറാണ്. എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും തെറ്റുപറ്റാറുണ്ട്. ഇന്നലെ ഹര്‍ദിക് പാണ്ഡ്യക്കും തെറ്റുകള്‍ സംഭവിച്ചിരുന്നു. ഒരുപക്ഷേ ആശിഷ് നെഹ്‌റയും ഹര്‍ദിക് പാണ്ഡ്യയും വ്യത്യസ്തമായി ചിന്തിച്ചിരിക്കാം.

അതുപോലെ രോഹിത്തിനും തെറ്റുകള്‍ സംഭവിക്കാം. എങ്കിലും അവന്‍ 313 റണ്‍സ് നേടിയിട്ടുണ്ട്. ചില താരങ്ങള്‍ വലിയ മത്സരങ്ങളിലായിരിക്കും റണ്‍സ് നേടുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരത്തില്‍ നിന്നും 22.36 ശരാശരിയില്‍ 313 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മക്ക് നേടാന്‍ സാധിച്ചത്. 134.33 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. ഒരു ബൗണ്ടറിയും ഒരു സിക്‌സറുമായി 10 പന്തില്‍ നിന്നും 11 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.

Content Highlight: Former Indian star Murali Karthik about Rohit Sharma’s form

We use cookies to give you the best possible experience. Learn more