| Monday, 13th February 2023, 10:48 am

കരഞ്ഞോണ്ടിരുന്ന ഓസീസിനെ വീണ്ടും കരയിച്ച് കൈഫ്; ജഡേജയുടെ ഡൂപ്ലിക്കേറ്റിനെ തപ്പി പോവൂലല്ലോ എന്നും കളിയാക്കല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യെക്കെതിരെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയയെ കളിയാക്കി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. രണ്ടാം മത്സരത്തിന് മുമ്പ് രവീന്ദ്ര ജഡേജയുടെ ബൗളിങ് ആക്ഷനുള്ള ആളെ തേടി പോകരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കൈഫ് ഓസീസിനെ കളിയാക്കിയത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ആര്‍. അശ്വിന്റെ ബൗളിങ് ആക്ഷനോട് സാമ്യമുള്ള മഹേഷ് പിത്തിയയെ നെറ്റ്‌സില്‍ പന്തെറിയാനായി ഓസ്‌ട്രേലിയ എത്തിച്ചിരുന്നു. മഹേഷ് നെറ്റ്‌സില്‍ മികച്ച രീതിയില്‍ തന്നെ പന്തെറിയുകയും സ്റ്റീവ് സ്മിത്തിനെ പലതവണ പുറത്താക്കുകയും ചെയ്തിരുന്നു.

അശ്വിന്റെ ബൗളിങ് ആക്ഷനോട് സാമ്യമുള്ള മഹേഷിനൊപ്പമുള്ള സ്‌പെഷ്യല്‍ ട്രെയ്‌നിങ് കഴിഞ്ഞെത്തിയ കങ്കാരുക്കള്‍ക്ക് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ജഡേജയും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് കൊയ്‌തെടുത്ത് അശ്വിനും ‘കങ്കാരുവധം’ പൂര്‍ത്തിയാക്കി. ഓസീസ് ബാറ്റര്‍മാര്‍ എത്ര കണ്ട് ശ്രമിച്ചിട്ടും അശ്വിനെ മറികടക്കാന്‍ മാത്രം അവര്‍ക്കായിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് കൈഫിന്റെ പരാമര്‍ശം.

‘ഡൂപ്ലിക്കേറ്റ് അശ്വിനെ നേരിടുമ്പോഴും യഥാര്‍ത്ഥ അശ്വിനെ നേരിടുമ്പോഴുമുള്ള വ്യത്യാസം ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ മനസിലായിക്കാണും. ഒരു ഫസ്റ്റ് ക്ലാസ് താരത്തെ നേരിടുന്നതിലൂടെ എക്കാലത്തേയും മികച്ച, ലോകോത്തര താരമായ ഒരാളെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ദല്‍ഹിയില്‍ നിങ്ങള്‍ ജഡേജയുടെ ഡൂപ്ലിക്കേറ്റിനെ തിരഞ്ഞ് പോകില്ലെന്ന് പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു കൈഫ് പറഞ്ഞത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 177 റണ്‍സിന് എറിഞ്ഞൊതുക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എതിരാളികള്‍ ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കുകയും 400 റണ്‍സ് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി തികച്ച രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലുമാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് തുണയായത്. അവസാനമിറങ്ങിയ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ കാമിയോ വെടിക്കെട്ടും ടീം സ്‌കോര്‍ ഉയര്‍ത്തി.

രണ്ടാം ഇന്നിങ്‌സില്‍ 223 റണ്‍സ് കടവുമായി ഇറങ്ങിയ ഓസീസിന് മൂന്നക്കം തികയ്ക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ച് വിക്കറ്റ് നേട്ടവുമായി അശ്വിന്‍ കളം നിറഞ്ഞാടിയപ്പോള്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച താരത്തെ അക്‌സറും മടക്കിയപ്പോള്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഇന്ത്യ വിജയം ആഘോഷിച്ചു.

ഫെബ്രുവരി 19നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

Content Highlight: Former Indian star Mohammed Kaif mocks Australia before 2nd test against India

We use cookies to give you the best possible experience. Learn more