| Sunday, 26th March 2023, 4:49 pm

അടി തുടങ്ങിയാല്‍ ഒറ്റക്ക് ജയിപ്പിക്കാന്‍ പോന്നവന്‍ ഒപ്പമുണ്ട്, ഫൈനലില്‍ സഞ്ജുവുമുണ്ടാകും; തുറന്നടിച്ച് ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ കിരീടം സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടമായ കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് സഞ്ജുവും കൂട്ടരും പുതിയ സീസണിനിറങ്ങുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന മിനി താരലേലത്തില്‍ ടീം ഒന്നുകൂടി സ്റ്റേബിളായിരുന്നു. തങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായിരുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറായി വിന്‍ഡീസ് കരുത്തന്‍ ജേസണ്‍ ഹോള്‍ഡറെയും സര്‍പ്രൈസ് പിക്കുകളായി ജോ റൂട്ടിനെയും ആദം സാംപയെയും പാളയത്തിലെത്തിച്ച രാജസ്ഥാന്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് ഒന്നുകൂടി വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ സീസണിലേതിന് സമാനമായി രാജസ്ഥാന്‍ റോയല്‍സിന് ഈ സീസണിലും ഫൈനലില്‍ പ്രവേശിക്കാന്‍ പ്രാപ്തിയുണ്ടെന്ന് പറയുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം മുഹമ്മദ് കൈഫ്.

സഞ്ജുവിനെ പോലെ മികച്ച ക്യാപ്റ്റനും ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പോലുള്ള മാച്ച് വിന്നിങ് താരങ്ങളുമുള്ള പെര്‍ഫെക്ട് ബാലന്‍സാണ് ടീമിനുള്ളതെന്നും കൈഫ് പറഞ്ഞു.

‘രാജസ്ഥാന്‍ റോയല്‍സ് ഒരിക്കല്‍ക്കൂടി ഫൈനലില്‍ പ്രവേശിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, കാരണം കടലാസില്‍ അവര്‍ അതിശക്തരാണ്. ഫൈനിലിലേക്കുള്ള ഓട്ടത്തില്‍ ഇവര്‍ മറ്റെല്ലാവരെക്കാളും മുന്‍പന്തിയിലാണ്.

രവിചന്ദ്ര അശ്വിനും യൂസ്വേന്ദ്ര ചഹലും അവര്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ അവരുടെ പ്രധാന താരമായിരുന്ന പ്രസിദ്ധ് കൃഷ്ണക്ക് പരിക്കേറ്റിരിക്കുകയാണ്. ന്യൂ ബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ ട്രെന്റ് ബോള്‍ട്ടിന് സാധിക്കും.

അവര്‍ ഒരു കംപ്ലീറ്റ് ടീമാണ്. അടി തുടങ്ങിക്കഴിഞ്ഞാല്‍ ഒറ്റക്ക് ടീമിനെ ജയിപ്പിക്കാന്‍ പോന്ന ജോസ് ബട്‌ലര്‍ അവര്‍ക്കൊപ്പമുണ്ട്. ഫിനിഷറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുന്ന ഷിംറോണ്‍ ഹെറ്റ്മയറും അവരുടെ കൂടെയുണ്ട്.

സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലാണ് കളിക്കുന്നത്, അവന്റെ റെക്കോഡുകളെല്ലാം തന്നെ മികച്ചതാണ്. അവന്‍ മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നുമുണ്ട്,’ കൈഫ് പറഞ്ഞു.

പ്രസിദ്ധ് കൃഷ്ണയുടെ പരിക്കാണ് രാജസ്ഥാനെ വലക്കുന്നത്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്ന സന്ദീപ് ശര്‍മയെ സ്‌ക്വാഡിലെത്തിച്ചതോടെ ആ കുറവും രാജസ്ഥാന്‍ പരിഹരിച്ചിരിക്കുകയാണ്.

ഏപ്രില്‍ രണ്ടിനാണ് രാജസ്ഥാന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.

Content highlight: Former Indian star Mohammed Kaif about Rajastan Royals’ chances in IPL 2023

We use cookies to give you the best possible experience. Learn more