| Monday, 14th November 2022, 8:40 am

ഇതൊന്നുംകൊണ്ട് മാത്രം ഇന്ത്യക്കും പാകിസ്ഥാനും കപ്പ് കിട്ടാന്‍ പോണില്ല; ഈ ലോകകപ്പ് പഠിപ്പിച്ച മൂന്ന് പാഠങ്ങളെ കുറിച്ച് ഇന്ത്യന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഏറെ കിരീട സാധ്യത കല്‍പിച്ചിരുന്ന ടീമുകളാണ് ഇന്ത്യയും പാകിസ്ഥാനും. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈന്‍ അപ്പും പാകിസ്ഥാന്റെ ബൗളിങ് നിരയും ഏത് ടീമിനെയും മറികടക്കാന്‍ പോന്നതാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ഇന്ത്യ സെമി ഫൈനല്‍ മത്സരത്തിലും പാകിസ്ഥാന്‍ ഫൈനലിലും പരാജയപ്പെട്ടു.

ഫൈനലില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം. രണ്ടാം കിരീടമോഹവുമായി മെല്‍ബണിലെത്തിയ ബാബറിനും സംഘത്തിനും ബെന്‍ സ്‌റ്റോക്‌സ് – സാം കറന്‍ ഷോയ്ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് പാകിസ്ഥാന്‍ ഫൈനലിലെത്തിയതോടെ ഇന്ത്യ – പാകിസ്ഥാന്‍ ഫൈനലിന് കളമൊരുങ്ങിയെന്ന് കരുതിയ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടായിരുന്നു സെമിയില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.

ഇപ്പോഴിതാ ഇന്ത്യയുടെയും പാകിസ്ഥാന്റെയും തോല്‍വിയുടെ കാരണങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളുമായ മുഹമ്മദ് കൈഫ്.

ഈ ലോകകപ്പ് പഠിപ്പിച്ച മൂന്ന് പാഠങ്ങളെ കുറിച്ചാണ് താരം പറയുന്നത്.

‘ഈ ലോകകപ്പില്‍ നിന്നുള്ള പാഠങ്ങള്‍: ബൗളിങ് മാത്രം കൊണ്ട് പാകിസ്ഥാന് ലോകകപ്പ് നേടാന്‍ സാധിക്കില്ല, ബാറ്റിങ് മാത്രം കൊണ്ട് ഇന്ത്യക്കും. ഇംഗ്ലണ്ടിന് ബാറ്റര്‍മാരും പേസര്‍മാരും സ്പിന്നേഴ്‌സും ഫീല്‍ഡേഴ്‌സും ഒപ്പം ഭാഗ്യവുമുണ്ട്,’ കൈഫ് ട്വീറ്റ് ചെയതു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നും ഇംഗ്ലണ്ട് ബൗളര്‍മാര്‍ നടത്തിയത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദനും ആദില്‍ റഷീദും ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറുമടക്കമുള്ള താരങ്ങള്‍ ബാറ്റിങ്ങിലും കരുത്തായി.

2010ന് ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് ടി-20 ലോകകപ്പ് നേടുന്നത്. നേരത്തെ ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇംഗ്ലണ്ട് ഈ രണ്ട് ഐ.സി.സി കിരീടങ്ങളും ഒരേ സമയം കൈവശം വെക്കുന്ന ആദ്യ ടീമായും മാറിയിരുന്നു.

Content Highlight: Former Indian star Mohammed Kaif about India and Pakistan team

We use cookies to give you the best possible experience. Learn more