| Tuesday, 3rd January 2023, 5:28 pm

സഞ്ജുവൊന്നും വേണ്ട, പന്ത് ഇല്ലാത്തപ്പോള്‍ വിക്കറ്റ് കീപ്പറാവാന്‍ ഇവന്‍ മതി; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കാറപകടത്തില്‍ പരിക്കേറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം നഷ്ടപ്പെടുമെന്നുറപ്പാണ്. ആറ് മാസത്തോളം വിശ്രമമാണ് ഡോക്ടര്‍മാര്‍ പന്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പന്തിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രവേശനത്തിന് ഈ പരമ്പര വിജയം അനിവാര്യമാണെന്നിരിക്കെ പന്തിന് പകരം മികച്ച ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെ ഈ റോളിലേക്ക് പരിഗണിക്കാനാണ് മുന്‍ ഇന്ത്യന്‍ താരം മനീന്ദര്‍ സിങ് ആവശ്യപ്പെടുന്നത്. എല്ലാ ഫോര്‍മാറ്റിലും ഇഷാന്‍ തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്നും പന്ത് ഇല്ലാത്തപ്പോള്‍ ആ സ്ഥാനത്തിന് യോഗ്യന്‍ ഇഷാനാണെന്നും അദ്ദേഹം പറയുന്നു.

മൈ ഖേലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മനീന്ദര്‍ ഇക്കാര്യം പറഞ്ഞത്.

‘അപകടം പറ്റിയത് കാരണം റിഷബ് പന്തിന് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇഷാന്‍ കിഷനെയായിരിക്കണം (അവനും ഇടം കയ്യന്‍ ബാറ്ററാണ്) ഇന്ത്യന്‍ മാനേജ്‌മെന്റ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്. റിഷബ് പന്ത് ഇല്ലെങ്കില്‍ ഇഷാന്‍ കിഷന്‍ തന്നെയാണ് ആ റോളിന് അനുയോജ്യന്‍,’ മനീന്ദര്‍ പറയുന്നു.

‘ഇത്തരത്തിലുള്ള താരങ്ങള്‍ക്ക് കൃത്യമായ അവസരം നല്‍കുക എന്നത് ടീം മാനേജ്‌മെന്റിന്റെയും സെലക്ടര്‍മാരുടെയും ജോലിയാണ്. ഇഷാന്‍ കിഷന്‍ ഒരു മാച്ച് വിന്നറാണെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്.

എല്ലാ ഫോര്‍മാറ്റുകളിലും റിഷബ് പന്തിനൊപ്പം നില്‍ക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് ഇഷാന്‍ കിഷനാണെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദിന, ടി-20 ഫോര്‍മാറ്റുകളില്‍ സഞ്ജുവാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നവരില്‍ പ്രധാനി. കെ.എല്‍. രാഹുലും ഈ ഓട്ടത്തില്‍ സഞ്ജുവിനൊപ്പമുണ്ട്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കെ.എസ്. ഭരത്താണ് വിക്കറ്റ് കീപ്പറാകാന്‍ സാധ്യതയുള്ള മറ്റൊരു താരം.

അതേസമയം, ഇന്ത്യ-ശ്രീലങ്ക ടി-20, ഏകദിന പരനമ്പരകളില്‍ ഇഷാന്‍ കിഷനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത്.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ,രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Content Highlight: Former Indian star Maninder Singh says Ishan Kishan is the best replacement for Rishabh Pant

We use cookies to give you the best possible experience. Learn more