| Thursday, 2nd May 2024, 5:57 pm

ഈ ടീമില്‍ എനിക്ക് ആത്മവിശ്വാസമില്ല, അവര്‍ക്ക് ശക്തി പോരാ; ഇന്ത്യന്‍ സ്‌ക്വാഡിനെതിരെ തുറന്നടിച്ച് 1983 ലോകകപ്പ് വിന്നര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ദിവസങ്ങള്‍ക്ക് മുമ്പ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ ഉപനായകനാക്കിയുമാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. 15 അംഗ സ്‌ക്വാഡിനൊപ്പം നാല് താരങ്ങളെ ട്രാവലിങ് റിസര്‍വുകളായും ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ഈ സ്‌ക്വാഡിലെ പോരായ്മയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും 1983 ലോകകപ്പ് ജേതാവുമായ മദന്‍ലാല്‍. ടീമിന്റെ പേസ് നിര അത്രത്തോളം ശക്തമല്ലെന്നും മത്സരങ്ങള്‍ വിജയിക്കാന്‍ പേസ് ബൗളര്‍മാര്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മദന്‍ലാലിന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ജസ്പ്രീത് ബുംറ വളരെ മികച്ച പേസറാണെങ്കിലും, ഇന്ത്യയുടെ മറ്റ് പേസ് ബൗളര്‍മാര്‍ സ്ഥിരതയില്ലാത്തവരാണ്. ഇത് ടീമിന്റെ മൊത്തത്തിലുള്ള പേസ് ആക്രമണത്തെ ദുര്‍ബലമാക്കുന്നു.

താനൊരു മികച്ച ബൗളറാണെന്ന് സിറാജ് പലപ്പോഴായി തെളിയിച്ചിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം സ്ഥിരതയില്ലാത്തതാണ്. പേസ് ആക്രമണം ശക്തമാകണമെങ്കില്‍, ബുംറയെ കൂടാതെ മറ്റ് ഫാസ്റ്റ് ബൗളര്‍മാരും സ്ഥിരത കണ്ടെത്തേണ്ടത് ആവശ്യമാണ്.

ടീമിന്റെ പേസ് ആക്രമണത്തെ നയിക്കാന്‍ ജസ്പ്രീത് ബുംറയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും സ്‌ക്വാഡിലേക്ക് ഒരു അധിക സീമറെ ഇന്ത്യ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും മദന്‍ ലാല്‍ അഭിപ്രായപ്പെട്ടു.

”വിക്കറ്റ് വീഴ്ത്തുന്നതിനും മത്സരങ്ങള്‍ ജയിക്കുന്നതിനും മികച്ച പേസ് നിരയുണ്ടാകേണ്ടത് അനിവാര്യമാണ്. ഇന്ത്യക്കായി ഒരു മാച്ച് വിന്നറാണ് താനെന്ന് ബുംറ പലപ്പോഴായി തെളിയിച്ചതാണ്.

സിറാജ് എത്രത്തോളം മികച്ച രീതിയില്‍ പന്തെറിയുമെന്ന് കണ്ടറിയണം. അല്ലാത്തപക്ഷം, ഇന്ത്യയുടെ ഭാഗ്യം ബുംറയെ മാത്രം ആശ്രയിച്ചിരിക്കും. മുന്‍കാലങ്ങളിലെ ചരിത്രം പരിശോധിക്കുമ്പോള്‍ പേസ് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ഇന്ത്യ മികച്ചുനിന്നു എന്ന് കാണാം. ടീം നിരവധി മത്സരങ്ങള്‍ വിജയിച്ചിരുന്നു.

ഹര്‍ദിക് പാണ്ഡ്യയുടെ കണ്‍സിസ്റ്റന്‍സിയും കുറഞ്ഞതായി തോന്നുന്നു. ടീം മാനേജ്മെന്റ് അദ്ദേഹത്തിന് അവസരം നല്‍കിയതായി തോന്നുന്നു.

ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യം പേസ് ലൈനപ്പാണെന്നാണ് പ്രകടമാകുന്നത്. ബുംറയെ കൂടാതെ സിറാജിന്റെയും അര്‍ഷ്ദീപിന്റെയും ബൗളിങ് പ്രകടനങ്ങള്‍ നിര്‍ണായകമാകും. ഈ ബൗളിങ് നിരയില്‍ എനിക്ക് ഒട്ടും ആത്മവിശ്വാസമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

യശസ്വി ജെയ്‌സ്വാള്‍

വിരാട് കോഹ്‌ലി

സൂര്യകുമാര്‍ യാദവ്

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)

ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)

ശിവം ദുബെ

രവീന്ദ്ര ജഡേജ

അക്‌സര്‍ പട്ടേല്‍

കുല്‍ദീപ് യാദവ്

യൂസ്വേന്ദ്ര ചഹല്‍

അര്‍ഷ്ദീപ് സിങ്

ജസ്പ്രീത് ബുംറ

മുഹമ്മദ് സിറാജ്

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Content Highlight: Former Indian star Madan Lal criticize India’s World Cup squad

We use cookies to give you the best possible experience. Learn more