| Friday, 9th December 2022, 5:22 pm

ഇന്ത്യയുടെ പുതിയ വിരാട് കോഹ്‌ലിയെ കണ്ടെത്തിയതിന് പിന്നാലെ പുതിയ ഹര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രേയസ് അയ്യരിനെ പുതിയ വിരാട് കോഹ് ലിയെന്ന് വിശേഷിപ്പിച്ച ദിനേഷ് കാര്‍ത്തിക്കിന്റെ പ്രസ്താവന ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പിന്‍മുറക്കാരനെ കണ്ടെത്തിയിരിക്കുകയാണ് മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

ഇന്ത്യന്‍ യുവതാരവും സ്പിന്‍ ഓള്‍ റൗണ്ടറുമായ വാഷിങ്ടണ് സുന്ദറിനെയാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു വാഷിങ്ടണ്‍ നാളുകള്‍ക്ക് ശേഷം ടീമിലുള്‍പ്പെട്ടത്. എന്നാല്‍ കിട്ടിയ അവസരം കൃത്യമായി മുതലാക്കിയ വാഷിങ്ടണ്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്.

ഇതിന് പുറമെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും വാഷിങ്ടണ്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ പുകഴ്ത്തി ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

വാഷിങ്ടണ്ണിനെ ഇന്ത്യയുടെ ഭാവിയെന്ന് വിശേഷിപ്പിച്ച ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഏത് സ്ഥിതിയിലും ആശ്രയിക്കാവുന്ന താരമായി വാഷിങ്ടണ്‍ മാറിയെന്നും അഭിപ്രായപ്പെട്ടു.

സോണി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘അവന്‍ ഇന്ത്യയുടെ ഭാവിയാണ്. ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അവനെക്കൊണ്ട് സാധിക്കും. ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ആശ്രയിക്കാവുന്ന താരമാണ് സുന്ദര്‍. അവന് ഹര്‍ദിക് പാണ്ഡ്യയെ പോലെയാകാന്‍ സാധിക്കും.

അധികം റണ്‍സ് വഴങ്ങാതെ പത്ത് ഓവറും എറിയാന്‍ സുന്ദറിന് സാധിക്കും. എന്നാല്‍ വിക്കറ്റ് വീഴ്ത്താനുള്ള സ്‌കില്ലുകള്‍ അവന്‍ ഇനിയും ഇംപ്രൂവ് ചെയ്യേണ്ടിയിരിക്കുന്നു.

അവന്‍ മികച്ച ഓള്‍ റൗണ്ടറാണ്. മാനേജ്‌മെന്റ് അവനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവന്റെ ഭാവി തീരുമാനിക്കുന്നത്,’ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറഞ്ഞു.

ഹര്‍ദിക്കിനും വാഷിങ്ടണ്‍ സുന്ദറിനും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഹര്‍ദിക് ഒരു ഫാസ്റ്റ് ബൗള്‍ ഓള്‍ റൗണ്ടറാണെങ്കില്‍ വാഷിങ്ടണ്‍ ഒരു സ്പിന്‍ ഓള്‍റൗണ്ടറാണ്. അവര്‍ ടീമിനൊപ്പം മികച്ച രീതിയില്‍ കളിക്കുന്നവരാണ്. ബൗളിങ്ങില്‍ പത്ത് ഓവര്‍ എറിയാന്‍ സാധിക്കുന്ന ഇവര്‍ക്ക് ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. നമ്മള്‍ വാഷിങ്ടണ്‍ സുന്ദറിനെ സംരക്ഷിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനം ഡിസംബര്‍ പത്തിന് നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യക്ക് മുഖം രക്ഷിക്കാനെങ്കിലും അവസാന മത്സരം ജയിച്ചേ തീരൂ.

Content Highlight: Former Indian star Lakshman Sivaramkrishnan praises Washington Sundar

We use cookies to give you the best possible experience. Learn more