| Thursday, 29th June 2023, 9:13 pm

സഞ്ജുവൊന്നും വേണ്ട; കെ.എല്‍. രാഹുലിന് പകരക്കാരനായി സര്‍പ്രൈസ് താരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ കെ.എല്‍. രാഹുലിന് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും താരത്തിന് നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന, ടെസ്റ്റ് ടീമുകളിലേക്കും രാഹുലിനെ പരിഗണിച്ചിരുന്നില്ല. വിക്കറ്റ് കീപ്പിങ്ങിലും മധ്യനിരയിലും നിര്‍ണായക സാന്നിധ്യമായ രാഹുലിന്റെ അഭാവം ഇന്ത്യന്‍ നിരയെ കാര്യമായി ബാധിച്ചിരുന്നു.

2023 ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും രാഹുലിന് കളിക്കാന്‍ സാധിക്കില്ലെങ്കില്‍ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സിന്റെ തമിഴ്‌നാട് താരമായ സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

കെ.എല്‍. രാഹുല്‍ നാഷണല്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് ആദ്യം ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഫിറ്റ്‌നെസ് വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്റെ പ്രതികരണം.

‘ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്താന്‍ കെ.എല്‍. രാഹുലിനെക്കൊണ്ട് ആഭ്യന്തര മത്സരങ്ങള്‍ കളിപ്പിക്കണം. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അത്ര എളുപ്പമുള്ളതാക്കാന്‍ പാടില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി നിങ്ങള്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുകയും വേണം,’ അദ്ദേഹം പറഞ്ഞു.

രാഹുലിന് പകരക്കാരനായി സഞ്ജുവിന്റെയും ഇഷാന്‍ കിഷന്റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്ന സാഹചര്യത്തിലും സായ് സുദര്‍ശന് അവസരം നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

‘ഇടം കയ്യന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ സായ് സുദര്‍ശനെ പോലെയുള്ള താരങ്ങളെ പരിഗണിക്കണം,’ ലക്ഷ്മണ്‍ ശിവരമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ 2023ല്‍ മികച്ച പ്രകടനമാണ് സായ് സുദര്‍ശന്‍ കാഴ്ചവെച്ചത്. സീസണില്‍ ടൈറ്റന്‍സിനായി എട്ട് മത്സരം കളിച്ച സായ് സുദര്‍ശന്‍ 51.71 ശരാശരിയിലും 141.41 എന്ന സ്‌ട്രൈക്ക് റേറ്റിലും 362 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധസെഞ്ച്വറി നേടിയ സായ് സുദര്‍ശന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 96 ആണ്.

Content highlight: Former Indian star Lakshman Shivaramkrishnan names Sai Sudarshan as KL Rahul’s replacement

We use cookies to give you the best possible experience. Learn more