| Monday, 1st August 2022, 5:01 pm

സെലക്ടര്‍മാര്‍ക്ക് ടീം തെരഞ്ഞെടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്നെയോ രവി ശാസ്ത്രിയെയോ വിളിക്ക്, ഞങ്ങള്‍ പറഞ്ഞു തരാം ആരെ ടീമിലെടുക്കണമെന്ന്; കമന്ററിക്കിടെ സെലക്ടറെ കൊച്ചാക്കി ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് അടുത്ത് വരികയാണ്. താരസമ്പന്നമായ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും 16 അംഗ സ്‌ക്വാഡിനെയും അതില്‍ നിന്നും ഒരു പ്ലെയിങ് ഇലവനെയും കണ്ടെത്തുക എന്നത് സെലക്ടര്‍മാരെയും ബി.സി.സി.ഐയെയും സംബന്ധിച്ചും തലവേദനയാണ്.

ലോകകപ്പ് നേടാനുറച്ച് ഇന്ത്യന്‍ ടീം ഇറങ്ങിത്തിരിക്കുകയാണെങ്കില്‍ അതിന് മികച്ച ഒരു ടീമിനെ സെലക്ട് ചെയ്യേണ്ടത് എന്തുകൊണ്ടും പ്രധാനമാണ്.

ഇപ്പോഴിതാ, ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയോട് വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മികച്ച ഒരു ടീമിനെ തന്നെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം കൃഷ്ണമചാരി ശ്രീകാന്ത്. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ നടത്തിയ കമന്ററിയിലായിരുന്നു ശ്രീകാന്തിന്റെ പരാമര്‍ശം.

ലോകകപ്പിന് മികച്ച ടീമിനെ തെരഞ്ഞെടുക്കാനും ടീം സെലക്ഷനില്‍ എന്തെങ്കിലും ഉപദേശം വേണമെങ്കിലും തന്നെയോ രവി ശാസ്ത്രിയെയോ എപ്പോള്‍ വേണമെങ്കിലും വിളിക്കാം എന്നായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

‘ഇന്ത്യ ശരിയായ കോമ്പിനേഷന്‍ തന്നെ തെരഞ്ഞെടുക്കണം, ചേതന്‍ ശര്‍മ ഞങ്ങള്‍ക്കൊപ്പം ഒരുപാട് തവണ കളിച്ചിട്ടുള്ളതാണ്. ഏയ് ചേതു, അബ് കറക്ട് ടീം സെലക്ട് കര്‍നാ (ചേതന്‍ ശര്‍മ, ഇത്തവണ ശരിയായ ടീമിനെ തന്നെ തെരഞ്ഞെടുക്കണേ).

‘അഡൈ്വസ് ചാഹിയേ തോ മേരേ കോ ഫോണ്‍ കര്‍ ദോ, രവി കോ കോള്‍ കര്‍ ദോ ഹം ദോനോ അച്ഛാ ഗൈഡന്‍സ് ദേംഗേ ആപ്‌കോ’ (എന്തെങ്കിലും ഉപദേശം വേണമെങ്കില്‍ എന്നെ വിളിക്കാം, അല്ലെങ്കില്‍ രവി ശാസ്ത്രിയെ ഫോണ്‍ ചെയ്യാം. ഞങ്ങള്‍ നല്ല രീതിയിലുള്ള ഗൈഡന്‍സ് തരാം),’ ശ്രീകാന്ത് പറയുന്നു.

ഇന്ത്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ട്രയല്‍ ആന്‍ഡ് എറര്‍ മെത്തേഡ് ശരിയാണെന്നും എന്നിരുന്നാലും ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ തെരഞ്ഞെടുക്കണമെന്നും മുന്‍ സെലക്ടര്‍ കൂടിയായ ശ്രീകാന്ത് ആവശ്യപ്പെട്ടു.

‘ഇന്ത്യ ഇപ്പോള്‍ പിന്തുടരുന്ന ട്രയല്‍ ആന്‍ഡ് എറര്‍ മെത്തേഡ് മികച്ചതു തന്നെയാണ്. സെലക്ടര്‍ മാര്‍ ഇപ്പോള്‍ ചെയ്യുന്നതും ഓ.കെയാണ്. എന്നാല്‍ ഏഷ്യാ കപ്പ് മുതല്‍ക്കങ്ങോട്ട് അവര്‍ അത് ചെയ്യണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരാനിരിക്കുന്ന ഏഷ്യാ കപ്പ് സ്‌ക്വാഡിനെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. വിരാട് കോഹ്‌ലിയുടെ ഫോം ഔട്ടും കെ.എല്‍. രാഹുലിന്റെ അനാരോഗ്യവുമാണ് പ്രധാനമായും ചര്‍ച്ചയാവുന്നത്.

എന്നാല്‍, തന്നെ ടീമില്‍ എന്തുവന്നാലും ഉള്‍പ്പെടുത്തണമെന്ന് വിരാട് കോഹ്‌ലി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആഗസ്റ്റ് എട്ടിനകം ടീം പ്രഖ്യാപിക്കണമെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശം. ബി.സി.സി.ഐ അന്നേ ദിവസം മുംബൈയില്‍ യോഗം ചേരുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് ലഭ്യമായ വിവരം.

ആഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. നേരത്തെ ശ്രീലങ്കയില്‍ വെച്ച് നടത്താനിരുന്ന ടൂര്‍ണമെന്റ് രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം മാറ്റുകയായിരുന്നു.

ഇതോടെയാണ് യു.എ.ഇ ഏഷ്യാ കപ്പിന് ആതിഥേയരാവുന്നത്. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Content Highlight: Former Indian star Kris Srikanth says he will give advice to selector Chetan Sharma for selecting Indian team

We use cookies to give you the best possible experience. Learn more