| Saturday, 12th November 2022, 4:25 pm

രാഹുലിനെ മാറ്റി പകരം 'രണ്ടാം സൂര്യകുമാറിനെ' ഓപ്പണിങ് ഇറക്കണം, അപ്പോള്‍ കാണാം കളി മാറുന്നത്; നിരീക്ഷണവുമായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് അമ്പേ പരാജയമായിരുന്നു. ഏറെ പുകള്‍പെറ്റ കെ.എല്‍. രാഹുല്‍ – രോഹിത് ശര്‍മ കൂട്ടികെട്ടിന് ലോകകപ്പില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

വ്യക്തിഗത പ്രകടനത്തിലും കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിലും അമ്പേ പരാജയപ്പെട്ട ഈ ഓപ്പണിങ് കോംബോക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ചില്ലറയല്ല.

കെ.എല്‍ രാഹുലിനെയും രോഹിത് ശര്‍മയയെയും ഓപ്പണിങ് സ്ഥാനത്ത് നിന്നും മാറ്റണമെന്നും എന്നാല്‍ ഇവരെ ഓപ്പണിങ് സ്ഥാനത്ത് നിന്നും മാറ്റിയത് കൊണ്ട് മാത്രമായില്ല ഇവരെ ഇനി ടി-20യില്‍ കളിപ്പിക്കരുതെന്നുമടക്കം ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

എന്നാല്‍ കെ.എല്‍. രാഹുലിന് പകരം മറ്റൊരു താരം ഓപ്പണിങ്ങില്‍ വന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും ആദ്യ വിക്കറ്റിലെ പാളിച്ചകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് ടീമിലെ അംഗവുമായ കീര്‍ത്തി ആസാദ്.

കെ.എല്‍. രാഹുലിന് പകരം ഓപ്പണറുടെ റോളിലേക്ക് റിഷബ് പന്തിനെ പരിഗണിക്കണമെന്നാണ് കീര്‍ത്തി ആസാദ് പറയുന്നത്. പന്ത് സൂര്യകുമാര്‍ യാദവിനെ പോലെയാണ് കളിക്കുന്നതെന്നായിരുന്നു കീര്‍ത്തി ആസാദ് പറഞ്ഞത്.

ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസാദിന്റെ പരാമര്‍ശം.

‘രോഹിത് ശര്‍മയും റിഷബ് പന്തും ഓപ്പണിങ് സ്ലോട്ടില്‍ കളിക്കണമെന്ന് ഞാന്‍ ഏറെ നാളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. പന്ത് സൂര്യകുമാര്‍ യാദവിനെ പോലെയാണ് കളിക്കുന്നത്. ക്രീസിലെത്തിയ ആദ്യ പന്ത് മുതല്‍ ഷോട്ടുകളടിച്ച് കളിക്കുന്നവനാണ് റിഷബ് പന്ത്,’ എന്നായിരുന്നു കീര്‍ത്തി ആസാദ് പറഞ്ഞത്.

ലോകകപ്പില്‍ ആകെ രണ്ട് മത്സരത്തില്‍ മാത്രമാണ് റിഷബ് പന്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. മറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റോളില്‍ കാര്‍ത്തിക് തുടര്‍ പരാജയമായതോടെയാണ് പന്ത് ടീമിലെത്തിയത്. എന്നാല്‍ കളിച്ച രണ്ട് മത്സരത്തിലും താരം നിരാശപ്പെടുത്തിയിരുന്നു.

സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സെടുത്ത് പുറത്തായ പന്ത് സെമി ഫൈനല്‍ മത്സരത്തില്‍ നാല് പന്തില്‍ നിന്നും ആറ് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

Content Highlight: Former Indian star Kirti Azad says Rishabh Pant should open Indian side along with Rohit Sharma

We use cookies to give you the best possible experience. Learn more