മോശം ഫോം തുടരുന്ന ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെ പിന്തുണച്ച് 1983 വേള്‍ഡ് കപ്പ് ഹീറോ കീര്‍ത്തി ആസാദ്. അഡ്ലെയ്ഡിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചാണ് ആസാദ് രംഗത്തെത്തിയത്.
ക്രിക്കറ്റില്‍ രോഹിത് ശര്‍മയേക്കാള്‍ അനുഭവ സമ്പത്തുള്ളവര്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിക്കാമെന്നും എന്നാല്‍ ടി.വിയില്‍ കളി കാണുന്നവര്‍ക്ക് അതിനുള്ള അധികാരമില്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. ഇന്ത്യയിലെ 140 കോടി ആളുകള്‍ ചേര്‍ന്നാണ് ടീം സെലക്ട് ചെയ്യുന്നതെങ്കില്‍ ആരും തന്നെ ടീമിലുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രോഹിത്തിനേക്കാള്‍ കൂടുതല്‍ മത്സരം കളിച്ച ഒരു സീനിയര്‍ താരത്തിന് അദ്ദേഹത്തിന്റെ മോശം ഫോമിനെ കുറിച്ച് സംസാരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്. അല്ലാതെ ടി.വിയില്‍ കളി കാണുന്നവര്‍ക്ക് അതിനുള്ള അധികാരമില്ല.
ഇന്ത്യയിലെ 140 കോടി ആളുകളാണ് ടീം സെലക്ട് ചെയ്യുന്നതെങ്കില്‍ ആര്‍ക്കും തന്നെ ഇന്ത്യക്കായി കളിക്കാന്‍ സാധിക്കില്ല. എല്ലാ താരങ്ങള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ ദൗര്‍ബല്യങ്ങളുണ്ട്,’ കീര്‍ത്തി ആസാദ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം മുന്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഡാരില്‍ കള്ളിനന് രോഹിത് ശര്‍മയെ കുറിച്ച് സംസാരിച്ചിരുന്നു. രോഹിത്തിന്റെ മോശം ഫിറ്റ്നെസ്സിനെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
‘നിങ്ങള്‍ രോഹിത് ശര്‍മയെ നോക്കൂ, ശേഷം വിരാട് കോഹ്ലിയെയും. അവരുടെ ഫിസിക്കല്‍ കണ്ടീഷന്‍ തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടെന്ന് മനസിലാകുന്നില്ലേ. രോഹിത് ശര്‍മ അമിതവണ്ണമുള്ളവനാണ്, അദ്ദേഹം ഒരിക്കലും ഒരു ലോങ് ടേം ക്രിക്കറ്ററല്ല.
നാല് മത്സരങ്ങളോ അഞ്ച് മത്സരങ്ങളോ അടങ്ങിയ ഒരു ടെസ്റ്റ് പരമ്പര കളിക്കാന്‍ അദ്ദേഹത്തിന്റെ ശരീരപ്രകൃതി കൊണ്ട് സാധിക്കില്ല,’ കള്ളിനന് പറഞ്ഞു.
മികച്ച രീതിയിലല്ല രോഹിത് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ബാറ്റ് വീശുന്നത്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് മത്സരത്തിലും രോഹിത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പരമ്പരയിലെ ആറ് ഇന്നിങ്സില്‍ നിന്നും വെറും 89 റണ്‍സ് മാത്രമാണ് രോഹിത് സ്വന്തമാക്കിയത്.
ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍. രാഹുലിന് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത് ആറാം നമ്പറില്‍ കളിത്തിലിറങ്ങിയ രോഹിത് രണ്ട് ഇന്നിങ്സിലും ഒറ്റയക്കത്തിനാണ് പുറത്തായത്.
പരമ്പരയിലെ രണ്ടാം ടെസ്റ്റിലും സമ്പൂര്‍ണ പരാജയമായതോടെ ഒരു മോശം റെക്കോഡും രോഹിത്തിനെ തേടിയെത്തി. ടെസ്റ്റ് സീസണില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്.
2024-25 സീസണില്‍ ഇതുവരെ 12 ഇന്നിങ്സില്‍ ബാറ്റ് ചെയ്ത രോഹിത്തിന്റെ ബാറ്റിങ് ശരാശരി 12ന് താഴെയാണ്. ഈ സീസണില്‍ താരത്തിന് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ ആരാധകരെ വീണ്ടും നിരാശപ്പെടുത്തിയാല്‍ ഈ മോശം റെക്കോഡില്‍ താരം ഒന്നാമതെത്തിയേക്കും.
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് – ശരാശരി – സീസണ് എന്നീ ക്രമത്തില്‍)
ജെഫ് ക്രോ – ന്യൂസിലാന്‍ഡ് – 10 – 118 – 11.80 – 1987/88
രോഹിത് ശര്‍മ – ഇന്ത്യ – 12 – 142 – 11.83 – 2024/25
മോമിനുസല് ഹഖ് – ബംഗ്ലാദേശ് – 11 – 152 – 13.81 – 2021/22
സനത് ജയസൂര്യ – ശ്രീലങ്ക – 11 – 157 – 14.27 -2000/01
ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11 – 161 – 14.63 – 2005/06
(*ഒന്ന് മുതല്‍ ആറാം നമ്പര്‍ വരെ ബാറ്റ് ചെയ്യവെ, ചുരുങ്ങിയത് പത്ത് ഇന്നിങ്സുകള്‍)
ഡിസംബര്‍ 14നാണ് ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബ്രിസ്ബെയ്നിലെ ഗാബയാണ് വേദി.
Content Highlight: Former Indian star Kirti Azad backs Rohit Sharma after in poor performance