ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. കപില്‍ ദേവിന് ശേഷം ഇതാദ്യമായായിരുന്നു ഒരു പേസര്‍ ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലും ഉപനായകന്‍ കെ.എല്‍. രാഹുല്‍ നേരത്തെ പരിക്കേറ്റ് പുറത്തായതിനും പിന്നാലെയായിരുന്നു ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത്.
അഞ്ചാം ടെസ്റ്റിന് മുമ്പ് 2-1ന്റെ ലീഡായിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ വന്‍ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ പടിക്കല്‍ കലമുടയ്ക്കുകയും മത്സരം തോല്‍ക്കുകയുമായിരുന്നു. ഇതോടെ പരമ്പര 2-2ന് സമനിലയിലായി.
15 വര്‍ഷത്തിന് ശേഷം യൂറോപ്യന്‍ മണ്ണില്‍ കിരീടം എന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലായിരുന്നു ഇതോടെ കരിനിഴല്‍ വീണത്.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റുകൊണ്ടും മത്സരത്തിലുടനീളം പന്ത് കൊണ്ടും ബുംറ മാസ്മരിക പ്രകടനം കഴ്ചവെച്ചിരുന്നെങ്കിലും സമ്മിശ്രമായ അഭിപ്രായമായിരുന്നു താരത്തിന്റെ ക്യാപ്റ്റന്‍സിക്ക് ലഭിച്ചിരുന്നത്.
ഇപ്പോഴിതാ താരത്തിന്റെ ക്യാപ്റ്റന്‍സിയെയും ബുംറയെ ക്യാപ്റ്റനാക്കിയ തീരുമാനത്തേയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കര്‍സന്‍ ഘാര്‍വി.
മുംബൈയ്ക്കും സൗരാഷ്ട്രക്കും വേണ്ടി 159 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുകയും 452 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത മുന്‍ ഇന്ത്യന്‍ താരം ബുംറയ്ക്ക് ക്യാപ്റ്റന്‍സി നല്‍കി അധിക ഉത്തരവാദിത്തത്തിന്റെ സമ്മര്‍ദ്ദം അടിച്ചേല്‍പിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.
ഇതുവരെ ഒരു ടീമിനേയും നയിച്ചിട്ടില്ലാത്ത ബുംറയെ ക്യാപ്റ്റന്‍സിയേല്‍പിച്ചത് ശരിയായ ഒരു ചോയ്‌സല്ലെന്നും അദ്ദേഹം പറഞ്ഞു.
മിഡ് ഡേയോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘ബുംറ ഇതുവരെ ഒരു ടീമിനെ പോലും നയിച്ചിട്ടില്ല. രഞ്ജി ട്രോഫിയുടെ കാര്യം പോകട്ടെ, ഒരു ക്ലബ്ബ് ടീമിനെ നയിച്ച അനുഭവം പോലും ബുംറയ്ക്കില്ല. ക്യാപ്റ്റന് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
രാഹുല്‍ ദ്രാവിഡും മറ്റ് പരിശീലകരും ടീം അംഗങ്ങളും ചേര്‍ന്ന് ഡ്രസിങ് റൂമിലിരുന്ന പല പ്ലാനുകളും ആവിഷ്‌കരിച്ചിരിക്കാം. എന്നാല്‍ ഗ്രൗണ്ടിലേക്കെത്തുമ്പോള്‍ അതെല്ലാം വേണ്ട വിധത്തില്‍ നടപ്പിലാക്കേണ്ടത് ക്യാപ്റ്റന്റെ ചുമതലയാണ്. അവനത് ചെയ്യാന്‍ സാധിച്ചില്ല,’ ഘാര്‍വി പറയുന്നു.
ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടിയതിന് ശേഷമായിരുന്നു ഇന്ത്യ മത്സരം ഇംഗ്ലണ്ടിന് മുമ്പില്‍ അടിയറ വെച്ചത്. ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍മാരും ആഞ്ഞടിക്കുകയും മുന്‍ നായകന്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും സെഞ്ച്വറിയടിച്ചുകൂട്ടുകയും ചെയ്തതോടെയാണ് ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക് നടന്നുകയറിയത്.
Content highlight: Former Indian Star Karsan Gharvi Against Jasprit Bumrah