സഞ്ജു പുറത്ത് കാത്തിരിക്കുന്നുണ്ട്, മര്യാദയ്ക്ക് കളിച്ചില്ലെങ്കില്‍ പന്തേ നിനക്ക് നല്ലതിനാവില്ല; ഇന്ത്യന്‍ ക്യാപ്റ്റന് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍
ക്യാപ്റ്റന് റിഷബ് പന്തിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. റിഷബ് പന്ത് ബാറ്റിങില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ടീമില്‍ നിന്നും പുറത്താവാനും സാധ്യതയുണ്ടെന്നും പത്താന്‍ പറയുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മോശം ഫോം തുടരുന്നതിന് പിന്നാലെയാണ് താരം ഇന്ത്യന്‍ ക്യാപ്റ്റന് മുന്നറിയിപ്പ് നല്‍കുന്നത്.
കായിക മാധ്യമമായ ക്രിക് ടുഡേയാണ് വാര്‍ത്തറിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അവനിപ്പോള്‍ പലതിലും കുടുങ്ങിക്കിടക്കുകയാണ്. അവന് മുന്നേറണമെങ്കില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ക്യാപ്റ്റനാണെന്ന കാര്യം ശരിതന്നെ, എന്നാല്‍ പ്ലെയിംഗ് ഇലവനില്‍ കളിക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചേ പറ്റൂ.
ഇപ്പോള്‍ തന്നെ പ്ലെയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍മാരായി ദിനേഷ് കാര്‍ത്തിക്കും ഇഷാന്‍ കിഷനുമുണ്ട്. സഞ്ജു അവസരം കാത്ത് പുറത്തിരിക്കുന്നു. കെ.എല്‍. രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവന് വിക്കറ്റ് കീപ്പിങും ചെയ്യും.
ഇവര്‍ തമ്മില്‍ ടീമില്‍ ഇടം പിടിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. റിഷബ് പന്ത് ഈ പോക്കാണ് പോവുന്നതെങ്കില്‍ അധികകാലം ടീമില്‍ തുടരാന്‍ സാധിക്കില്ല,’ പത്താന്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കിലും മോശം പ്രകടനമാണ് റിഷബ് പന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
എട്ട് പന്തില്‍ നിന്നും ആറ് റണ്‍സാണ് താരം സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 143ല്‍ നില്‍ക്കെ ഡ്വെയ്ന്‍ പ്രിസ്റ്റോറിയസിന്റെ പന്തില്‍ പ്രോട്ടീസ് നായകന്‍ തെംബ ബെവുമയ്ക്ക് ക്യാച്ച് നല്‍കിയാണ് പന്ത് ഔട്ടായത്.
പരമ്പരയിലെ മറ്റ് മത്സരങ്ങളിലും ശരാശരിക്കും താഴെയുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചത്. 40 റണ്‍സ് മാത്രമാണ് താരം കഴിഞ്ഞ മൂന്ന് മത്സരത്തില്‍ നിന്നും സ്വന്തമാക്കിയത്.
ഇതുവരെ കളിച്ച് 46 ഇന്റര്‍നാഷണല്‍ ടി-20യില്‍ നിന്നും 23.32 ശരാശരിയാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍ക്കുള്ളത്. ഐ.പി.എല്ലിലെ പ്രകടനവും ശരാശരി മാത്രമായിരുന്നു.
തൊട്ടടുത്ത മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുകയല്ലാതെ പന്തിന് മുമ്പില്‍ മറ്റൊരു ഓപ്ഷനും ഇല്ല.
രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ജൂണ്‍ 17നാണ് പരമ്പരയിലെ നാലാം മത്സരം. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ അടുത്ത മത്സരത്തിലും ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.
Content highlight: Former Indian star Irfan Pathan warns Indian Captain Rishab Pant