| Thursday, 9th February 2023, 8:54 am

ഇനി നമുക്ക് ഒന്നൊന്നര കളി കളിക്കാം; ബാറ്റര്‍മാരുടെ ശവപ്പറമ്പ് കാണിച്ച് ഓസീസിനെ കുത്തി പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ ചൂടുപിടിച്ചതുമുതല്‍ ആദ്യ ടെസ്റ്റിനായി ഒരുക്കുന്ന പിച്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ത്യക്ക് അനുകൂലമായിട്ടാണ് പിച്ച് ഒരുക്കുന്നതെന്നും ഇതൊരിക്കലും ക്രിക്കറ്റിന് ചേര്‍ന്നതല്ല എന്നുമായിരുന്നു മുന്‍ താരങ്ങളുടെയും ഓസീസ് മാധ്യമങ്ങളുടെയും വിമര്‍ശനം.

ഈ പരമ്പരയില്‍ വന്‍ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ സാധിക്കൂ എന്നതിനാല്‍ തന്നെ ഇന്ത്യക്ക് അണ്‍ഫെയര്‍ അഡ്വാന്റേജ് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നായിരുന്നു അവരുടെ വിമര്‍ശനം.

ഈ വിഷയത്തില്‍ ഐ.സി.സി നേരിട്ട് ഇടപെടണമെന്നായിരുന്നു ഗില്ലെസ്പി അടക്കമുള്ള മുന്‍ ഓസീസ് താരങ്ങളുടെ ആവശ്യം. പിച്ചൊരുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സാക്ഷാല്‍ സുനില്‍ ഗവാസ്‌കറും എത്തിയതോടെ സംഗതി കൊഴുത്തു.

ഇതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നത്. ‘ലെറ്റ്‌സ് ഹാവ് എ ക്രാക്കിങ് സീരീസ്’ എന്ന കുറിപ്പോടെ വിണ്ടുകീറിയ പിച്ചിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്.

ബാറ്റര്‍മാരുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന പെര്‍ത്തിലെ വാക്ക (WACA, Western Australian Cricket Association) പിച്ചിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പത്താന്റെ ട്വീറ്റ്. ലോകത്തിലെ തന്നെ ഏറ്റവും ഡെഡ്‌ലിയസ്റ്റ് പിച്ചുകളില്‍ ഒന്നായാണ് വാക്കയെ കണക്കാക്കുന്നത്.

2013ല്‍ എടുത്ത ചിത്രമാണ് പത്താന്‍ പങ്കുവെച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന ആഷസ് പരമ്പരയിലാണ് ഓസ്‌ട്രേലിയ ഇത്തരത്തില്‍ പിച്ചൊരുക്കിയത്.

മിച്ചല്‍ ജോണ്‍സണും റയാന്‍ ഹാരിസും തീ തുപ്പിയ പിച്ചില്‍ ബെന്‍ സ്റ്റോക്‌സ് സെഞ്ച്വറി തികച്ച് കരുത്ത് കാട്ടിയിരുന്നു. 195 പന്തില്‍ നിന്നും 120 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്.

ഇര്‍ഫാന്റെ ട്വീറ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

പിച്ചിനെ തന്നെ നോക്കിയിരിക്കാതെ കളിയില്‍ ശ്രദ്ധ നല്‍കാനായിരുന്നു കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ ഓസീസ് മാധ്യമങ്ങള്‍ക്കുള്ള മറുപടിയെന്നോണം പറഞ്ഞത്.

‘പിച്ചിനെ കുറിച്ച് മാത്രം ആശങ്കപ്പെടാതെ കളിയില്‍ ശ്രദ്ധിക്കൂ. 22 മികച്ച താരങ്ങളാണ് ഗ്രൗണ്ടില്‍ കളിക്കുന്നത്,’ എന്നായിരുന്നു രോഹിത് പറഞ്ഞത്.

അതേസമയം, സ്പിന്നിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയതെന്നായിരുന്നു രോഹിത് പറഞ്ഞത്.

‘പ്ലനുണ്ടാകേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലര്‍ക്കും പല മെത്തേഡായിരിക്കും ഉണ്ടാവുക. ചിലര്‍ക്ക് സ്വീപ്പിങ്ങാണ് ഇഷ്ടം. ചിലര്‍ക്ക് റിവേഴ്സ് ചെയ്യാനാണ് ഇഷ്ടം. ചിലര്‍ക്ക് പന്ത് ബൗളര്‍മാരുടെ തലക്ക് മുകളിലൂടെ അടിച്ചുപറത്തണം.

സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ചിലപ്പോള്‍ തിരിച്ച് അറ്റാക്ക് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ക്യാപ്റ്റന്‍ പല വഴികളിലൂടെ കളി പ്ലാന്‍ ചെയ്യും. ഫീല്‍ഡിങ്ങിലും ബൗളേഴ്സിലും മാറ്റങ്ങള്‍ കൊണ്ടുവരും. അതിനനുസരിച്ച് പ്ലാന്‍ ചെയ്യുകയും കളിക്കുകയും ചെയ്യേണ്ടതുണ്ട്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റാണ് ഉള്ളത്. നാലും ഞങ്ങള്‍ക്ക് ജയിക്കണം. ഈ സീരിസ് വലിയ വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക. പ്രിപ്പെറേഷന്‍ പ്രധാനപ്പെട്ടതാണ്. നന്നായി പ്രിപ്പെയര്‍ ചെയ്യുകയാണെങ്കില്‍ അതിനുള്ള ഫലം കാണും,’ രോഹിത് പറഞ്ഞു.

Content Highlight: Former Indian star Irfan Pathan trolls Australia by sharing photo of WACA pitch

We use cookies to give you the best possible experience. Learn more