ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോയിലും ദൈവത്തിന്റെ പോരാളികള്‍ക്ക് തോല്‍വി തന്നെയായിരുന്നു വിധി. ജയിക്കുമെന്ന് കരുതിയിരുന്ന മത്സരമായിരുന്നു മുംബൈ ഇന്ത്യന്‍സ് കൈവിട്ടുകളഞ്ഞത്. താരതമ്യേന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അവസാന ഓവറുകളില്‍ 15ലധികം റണ്‍റേറ്റ് ആവശ്യമായിരുന്നിട്ടും ചെന്നൈ അത് അടിച്ചെടുത്തു.
അംബാട്ടി റായിഡുവും റോബിന്‍ ഉത്തപ്പയും പതിവുപോലെ തങ്ങളുടെ റോള്‍ നിര്‍വഹിച്ചപ്പോള്‍ പ്രിട്ടോറിയസിന്റെ കാമിയോ പെര്‍ഫോമന്‍സും ധോണിയുടെ ഫിനിഷിംഗുമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം സമ്മാനിച്ചത്.
മുംബൈ നിരയില്‍ നായകന്‍ ഹിറ്റ്മാന്‍ വീണ്ടും പൂജ്യത്തില്‍ തന്നെ ഹിറ്റായപ്പോഴും ബ്രെവിസ് പതറിയപ്പോഴും യുവതാരം തിലക് വര്‍മയായിരുന്നു ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. സൂര്യകുമാര്‍ യാദവ് സ്ഥിരം പെര്‍ഫോമന്‍സ് തന്നെ പുറത്തെടുത്തപ്പോള്‍ മറ്റൊരു യുവതാരം ഹൃത്തിക് ഷോകീനും സമയോചിതമായ പ്രകടനം പുറത്തെടുത്തു. വാലറ്റക്കാരനായ ജയദേവ് ഉനദ്കട്ടിന്റെ പോരാട്ടവും എടുത്തുപറയേണ്ടത് തന്നെയാണ്.
ഓള്‍ റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും പെട്ടന്ന് തന്നെ കത്തിതീരുകയായിരുന്നു. 9 പന്തില്‍ ഒരു ഫോറും സിക്‌സറും ഉള്‍പ്പടെ 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ശ്രീലങ്കന്‍ മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷണയുടെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു പൊള്ളാര്‍ഡിന്റെ മടക്കം.
എന്നാല്‍ പൊള്ളാര്‍ഡ് തന്റെ ഈഗോ കാരണം വിക്കറ്റ് തുലച്ചുകളയുകയാണെന്ന് നിരാക്ഷിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമായി ഇര്‍ഫാന്‍ പത്താന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പത്താന്‍ ഇക്കാര്യം പറയുന്നത്.
‘സ്‌ട്രെയിറ്റ് ഡൗണ്‍ ദി ഗ്രൗണ്ടാണ് എപ്പോഴും പൊള്ളാര്‍ഡിന് റണ്‍സ് നേടിക്കൊടുക്കാറുള്ളത്. വിക്കറ്റിന് മുകളിലൂടെ നേരെ പന്ത് ഗ്യാലറിയിലെത്തിക്കുക എന്നതാണ് എപ്പോഴും പൊള്ളാര്‍ഡിന്റെ ശൈലി. എന്നാല്‍ ഇക്കാരണം കൊണ്ടുതന്നെ ചെന്നൈ അവിടെ ഫീല്‍ഡറെ നിര്‍ത്തുകയും ചെയ്തിരുന്നു.
അവനോട് നേരെ അടിക്കാന്‍ ശ്രമിക്കാതെ വശങ്ങളിലേക്ക് കളിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവനത് കേള്‍ക്കാന്‍ തയ്യാറായില്ല എന്നുമാത്രമല്ല സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കുകയും ചെയ്തു. ഒരു പരിധി വരെ അവന് ഈഗോ മാറ്റി നിര്‍ത്തി കളിക്കാന്‍ സാധിച്ചില്ല,’ പത്താന്‍ പറയുന്നു.
ഒരുപക്ഷേ, പൗള്ളാര്‍ഡ് സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ക്ക് മാത്രം ശ്രമിക്കാതിരുന്നെങ്കില്‍ കുറച്ച് റണ്‍സ് കൂടി മുംബൈ ഇന്നിംഗ്‌സിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ഈ സീസണിലെ ആദ്യ ജയം മുംബൈയ്ക്ക് നേടാന്‍ സാധിക്കുമായിരുന്നു.
നിലവില്‍ ഏഴ് കളിയില്‍ നിന്നും ഏഴും തോറ്റാണ് മുംബൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.