നവംബര്‍ ആറിനാണ് ഇന്ത്യ ടി-20 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുന്നത്. സിംബാബ്‌വേയാണ് ഇന്ത്യയുടെ എതിരാളികള്‍. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഷെവ്‌റോണ്‍സിനെ പരാജയപ്പെടുത്തിയാല്‍ ആധികാരികമായി സെമിയില്‍ പ്രവേശിക്കാം.
സിംബാബ്‌വേയോട് തോറ്റാലും ഇന്ത്യക്ക് സെമി സാധ്യതയുണ്ട്. മറ്റ് ടീമുകളുടെ പോയിന്റും റണ്‍ റേറ്റും കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ഗ്രൂപ്പില്‍ നേരിയ തോതിലുള്ള മുന്‍തൂക്കമുള്ളതിനാല്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാം.
എന്നാല്‍ സിംബാബ്‌വേയോട് തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് സെമി ഫൈനല്‍ കളിക്കാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം പറഞ്ഞത്.
‘സിംബാബ്‌വേയോട് പരാജയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് സെമി ഫൈനല്‍ കളിക്കാനുള്ള യോഗ്യതയില്ല. സിംബാബ്‌വേയുടെ ബൗളിങ് നിര ശക്തമാണെങ്കിലും അത്ര മികച്ച ബാറ്റിങ് സ്‌ക്വാഡല്ല അവര്‍ക്കുള്ളത്. നിങ്ങളവരെ ആധികാരികമായി തന്നെ പരാജയപ്പെടുത്തണം.
ബംഗ്ലാദേശിനെതിരായ മത്സരം നമ്മള്‍ കണ്ടതാണ്. അത് വളരെ ക്ലോസായ ഒരു മത്സരം തന്നെയായിരുന്നു. ഒരുപക്ഷേ, മത്സരത്തിനിടെ മഴ പെയ്തിരുന്നില്ലെങ്കില്‍ ബംഗ്ലാദേശ് അതുവരെയുണ്ടായിരുന്ന മൊമെന്റം പിന്തുടരാനും വിജയിക്കാനും സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളും പ്രധാനമാണ്,’ പത്താന്‍ പറഞ്ഞു.
നിലവില്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അഞ്ചാം സ്ഥാനത്തുള്ള ഷെവ്‌റോണ്‍സിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയമടക്കം മൂന്ന് പോയിന്റാണ് സിംബാബ്‌വേക്കുള്ളത്.
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയെ തന്നെയാണ് ഇന്ത്യ പ്രധാനമായും ഭയക്കേണ്ടത്. ലോകകപ്പില്‍ തന്റെ സ്‌ട്രോങ് സോണായ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
ബാറ്റിങ്ങില്‍ സീന്‍ വില്യംസും എന്‍ഗരാവയും ചില കാമിയോ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട് എന്നതും ഇന്ത്യ തന്ത്രങ്ങള്‍ മെനയുമ്പോള്‍ മനസില്‍ കാണണം. അവസാന പന്തില്‍ ഒറ്റ റണ്‍സിന് പാകിസ്ഥാനെ അട്ടിമറിച്ച അതേ പ്രകടനം അവര്‍ പുറത്തെടുക്കുകയാണെങ്കില്‍ ഇന്ത്യ കുറച്ച് വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
Content Highlight: Former Indian Star Irfan Pathan Says India Don’t Deserve To Go To The Semi-Finals If You Lose To Zimbabwe