|

രോഹിത്തിന്റെ ആ തീരുമാനം എന്തുകൊണ്ടും നല്ലത്; ഗംഭീറിനെ തള്ളി ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകര്‍ ഏറെ ആവേശത്തോടെയായിരുന്നു ഏഷ്യാ കപ്പിലെ ഇന്ത്യ – പാക് പോരാട്ടം കണ്ടത്. മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതോടെ ഇന്ത്യയുടെ കോണ്‍ഫിഡന്‍സ് ലെവലും ഏറെ ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് തന്നെ ഒരുപാട് ചര്‍ച്ചക്ക് വഴിവെച്ചതായിരുന്നു ആരാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആവുക എന്നത്. റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നീ ഓപ്ഷനുകളില്‍ നിന്നും ആരെയായിരിക്കും ഇന്ത്യന്‍ നായകന്‍ കളത്തിലിറക്കുക എന്നതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

ഇന്ത്യ-പാക് പോരട്ടത്തില്‍ പന്തിനായിരിക്കും കുടുതല്‍ സാധ്യത എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ടോസിന്റെ തൊട്ടുമുമ്പ് പന്തല്ല, കാര്‍ത്തിക്ക് കളത്തിലിറങ്ങുക എന്ന കാര്യം പറഞ്ഞത്.

റിഷബ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക്കിനെ തെരഞ്ഞെടുത്ത തീരുമാനത്തില്‍ മത്സരത്തില്‍ കമന്റേറ്റര്‍മാരായ ഗൗതം ഗംഭീറിനും വസീം അക്രമിനും ഒട്ടും യോജിപ്പില്ലായിരുന്നു. പന്തായിരുന്നു കാര്‍ത്തിക്കിന് പകരം ഇറങ്ങേണ്ടിയിരുന്നത് എന്നാണ് ഇവര്‍ പറഞ്ഞത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ദിനേഷ് കാര്‍ത്തിക്കിനെ തെരഞ്ഞെടുത്ത തീരുമാനം അനുയോജ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘റിഷബ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചെറിയ ഫോര്‍മാറ്റില്‍ അവന്‍ മികച്ച കളിക്കാരനായിരുന്നില്ല.

എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഗ്രാഫ് മുകളിലേക്ക് പോവുകയാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ഇതാണ് ശരിയായ തീരുമാനം. ഈ ഫോമില്‍, അദ്ദേഹത്തെ ബെഞ്ചില്‍ നിര്‍ത്തിയിട്ട് കാര്യമില്ല, ദിനേഷ് കാര്‍ത്തിക്ക് കളിക്കേണ്ട സമയമാണിത്.’ഹര്‍ഭജന്‍ പറഞ്ഞു.

വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്താന്‍ കാര്‍ത്തിക്കിന് സാധിച്ചിരുന്നു. കൂടാതെ അവസാന ഓവറില്‍ കളത്തിലിറങ്ങി നിര്‍ണായക ഘട്ടത്തില്‍ സിംഗിള്‍ നേടി കൊണ്ട് ഹര്‍ദിക് പാണ്ഡ്യയെ സ്‌ട്രൈക്കില്‍ എത്തിച്ചു. ഹര്‍ദിക്കിന്റെ അവസാന സിക്സിലൂടെ ഇന്ത്യ മത്സരം വിജയിക്കുകയും ചെയുകയായിരുന്നു.

‘റിഷബ് പന്ത് ചെറുപ്പമാണ്, കളിക്കാന്‍ അദ്ദേഹത്തിന് ഇനിയും ധാരാളം സമയം ബാക്കിയുണ്ട്. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിന് ഒന്നുരണ്ട് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് പരമാവധി പ്രയോജനപ്പെടുത്തണം.

ഇന്ത്യ കാര്‍ത്തിക്കിന്റെ ഫോം പരമാവധി ഉപയോഗിക്കുന്നതിലുടെ ഒരുപാട് മത്സരങ്ങളില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കും. ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കും ഓര്‍ഡറില്‍ ബാറ്റ് ചെയ്താല്‍ എതിര്‍ ടീമിലെ ബൗളര്‍മാര്‍ക്കും അത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളത്തിലിറങ്ങിയായിരുന്നു കാര്‍ത്തിക് വീണ്ടും ആരാധകരെ ഞെട്ടിച്ചത്. ആര്‍.സി.ബിയ്ക്ക് വോണ്ടി പ്രധാന മത്സരങ്ങളില്‍ മിന്നും പ്രകടനം താരം നടത്തിയിരുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം ഓഗസ്റ്റ് 31ന് ഹോങ് കോങിനെതിരെയാണ്.

Content Highlight: Former Indian star Harbhajan Singh about Dinesh Karthik