ഞാനവനെ ടീമില്‍ എടുക്കില്ല, ഇനി അവന് സെലക്ഷന്‍ ലഭിക്കണമെങ്കില്‍ ആ നാല് പേരില്‍ ഒരാളെ സെലക്ടര്‍മാര്‍ തന്നെ ഒഴിവാക്കണം; ദിനേഷ് കാര്‍ത്തിക്കിന്റെ ലോകകപ്പ് സാധ്യതയെക്കുറിച്ച് ഗംഭീര്‍
Sports News
ഞാനവനെ ടീമില്‍ എടുക്കില്ല, ഇനി അവന് സെലക്ഷന്‍ ലഭിക്കണമെങ്കില്‍ ആ നാല് പേരില്‍ ഒരാളെ സെലക്ടര്‍മാര്‍ തന്നെ ഒഴിവാക്കണം; ദിനേഷ് കാര്‍ത്തിക്കിന്റെ ലോകകപ്പ് സാധ്യതയെക്കുറിച്ച് ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th June 2022, 3:32 pm

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് തന്റെ ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ദിനേഷ് കാര്‍ത്തിക്കിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെയോ ദീപക് ഹൂഡയെയോ ഉള്‍പ്പെടുത്തണമെന്നും ഗംഭീര്‍ പറഞ്ഞു.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ദിനേഷ് കാര്‍ത്തിക് ഉള്‍പ്പെടുമെന്ന് പലരും ഉറച്ചുവിശ്വസിക്കുമ്പോഴാണ് ഇത്തരം ഒരു അഭിപ്രായവുമായി ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നുതന്നെയാണ് ഗംഭീര്‍ വിശ്വസിക്കുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മാച്ച് പോയിന്റില്‍ സംസാരിക്കവെയായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘ഡി.കെ. വളരെ മികച്ച ഒരു താരം തന്നെയാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി അദ്ദേഹം അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിനും മുമ്പില്‍ അക്‌സര്‍ പട്ടേല്‍ വന്നതാണ് ഇപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്,’ ഗംഭീര്‍ പറയുന്നു.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങളുടെ മടങ്ങിവരവ് കാര്‍ത്തിക്കിനെ ബാധിച്ചേക്കാമെന്നും ഗംഭീര്‍ പറയുന്നു.

‘ഇന്ത്യയുടെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായതിനാല്‍ അക്‌സര്‍ പട്ടേലിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുക എന്നത് ഏറ്റവും മികച്ച ഓപ്ഷനായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.

അങ്ങനെയാണെങ്കില്‍ ഞാന്‍ ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തില്ല. റിഷബ് പന്തിനും ദീപക് ഹൂഡയ്ക്കുമായിരിക്കും ഞാന്‍ പരിഗണന നല്‍കുക.

 

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ. എല്‍. രാഹുല്‍ എന്നിവരുടെ തിരിച്ചുവരവ് കാര്‍ത്തിക്കിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നുറപ്പാണ്. ടോപ് ഫോറില്‍ കളിക്കുന്ന ഇവരില്‍ ഒരാളെ സെലക്ടര്‍മാര്‍ തന്നെ ഒഴിവാക്കിയെങ്കില്‍ മാത്രമേ കാര്‍ത്തിക്കിന് സാധ്യതയുള്ളൂ,’ ഗൗതം ഗംഭീര്‍ പറയുന്നു.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു കാര്‍ത്തിക്. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിലും കാര്‍ത്തിക് ഇടം നേടിയിരുന്നു.

 

Content Highlight:  Former Indian Star Goutam Gambhir says he will not include Dinesh Karthik in his World Cup team