നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ 2011ല്‍ വിശ്വവിജയികളായത്. 1983ല്‍ ക്ലെയ്‌വ് ലോയ്ഡിന്റെയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും നേതൃത്വത്തില്‍ കളത്തിലിറങ്ങിയ കരീബിയന്‍ കരുത്തിനെ കപിലിന്റെ ചെകുത്താന്‍മാര്‍ തകര്‍ത്തെറിഞ്ഞതിന് ശേഷം 28 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകകപ്പ് സ്വന്തമാക്കിയത്.
ഇന്ത്യയില്‍ ക്രിക്കറ്റിന് ഇത്രയധികം വേരോട്ടമുണ്ടാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് 1983ലെ ലോകകപ്പ് വിജയം തന്നെയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ലോകകിരീടം എന്നതുകൊണ്ടുതന്നെ ആരാധകര്‍ക്ക് 1983 ലോകകപ്പ് അത്രയും സ്‌പെഷ്യലായിരുന്നു.
എന്നാല്‍ 1983 ലോകകപ്പിന്റെ പ്രശസ്തിയും ജനകീയതയും തകര്‍ക്കാന്‍ വേണ്ടി 2011ലെ ലോകകപ്പ് നേടാന്‍ രണ്ട് മൂന്ന് സീനിയര്‍ താരങ്ങള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
താന്‍ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചത് ആളുകളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും 1983 ലോകകപ്പിനെ താഴ്ത്തിക്കെട്ടാന്‍ തനിക്ക് ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല എന്നും ഗംഭീര്‍ പറയുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.
‘രണ്ടോ മൂന്നോ സീനിയര്‍ താരങ്ങള്‍ എന്റെയടുക്കല്‍ വന്ന് നമുക്ക് ഈ ടൂര്‍ണമെന്റ് ജയിക്കണം, കാരണം നമുക്ക് 1983 ലോകകപ്പിന്റെ പോപ്പുലാരിറ്റി തകര്‍ക്കാനുള്ളതാണ് എന്ന് പറഞ്ഞിരുന്നു,’ ഗംഭീര്‍ പറയുന്നു.
‘ഞാനിവിടെ ആരെയും അവസാനിപ്പിക്കാന്‍ വന്നതല്ല. എന്റെ ജോലിയെന്നത് എന്റെ രാജ്യത്തിനായി ലോകകപ്പ് നേടുക എന്നതാണ്. 1983 മുതല്‍ 2011 വരെ മാധ്യമങ്ങളാണ് അവര്‍ക്ക് ജോലി നല്‍കുന്നതെങ്കില്‍ അത് മാധ്യമങ്ങളുടെ മാത്രം പ്രശ്‌നമാണ്, എന്റെയല്ല, എന്നായിരുന്നു ഞാന്‍ അവരോട് മറുപടി പറഞ്ഞത്,’ ഗംഭീര്‍ പറയുന്നു.
ഇന്ത്യ ആതിഥേയരായ 2011 ലോകകപ്പില്‍ സച്ചിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ വെച്ചായിരുന്നു ഫൈനല്‍ മത്സരം നടന്നത്. സിംഹളവീര്യം പേറുന്ന സംഗക്കാരയുടെ കരുത്തരായ ശ്രീലങ്കയെ ആയിരുന്നു ഇന്ത്യക്ക് നേരിടാനുണ്ടായിരുന്നത്.
ഫൈനല്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക, മഹേല ജയവര്‍ധനയുടെ അപരാജിത സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സായിരുന്നു സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. 122 പന്തില്‍ നിന്നും 97 റണ്‍സ് നേടിയ ഗംഭീറായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പി.
Content highlight: Former Indian star Gautham Gambhir says Two or three senior players asked him to win 2011 World Cup to finish the popularity of 1983 win