ടി-20 ലോകകപ്പിനുള്ള സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ബുധനാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന അവസാന സന്നാഹ മത്സരവും കളിച്ച് ഇന്ത്യന്‍ ടീം ലോകകപ്പിന് സുസജ്ജമാകാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യയുടെ വാം അപ് മത്സരം. കളിയില്‍ ആറ് റണ്‍സിന് ഇന്ത്യ വിജയിക്കുകയായിരുന്നു. അവസാന ഓവറില്‍ മുഹമ്മദ് ഷമി വീഴ്ത്തിയ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് തുണയായത്.
ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സന്നാഹ മത്സരത്തില്‍ കയ്യടി നേടിയത്. ബൗണ്ടറി ലൈനിനടത്ത് നിന്നുള്ള വണ്‍ ഹാന്‍ഡഡ് ക്യാച്ചും തകര്‍പ്പന്‍ റണ്‍ ഔട്ടുമായാണ് കോഹ്‌ലി ഫീല്‍ഡിങ്ങില്‍ തിളങ്ങിയത്.
ടി-20യില്‍ ഓസീസിനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് കോഹ്‌ലി. 22 ഇന്നിങ്‌സില്‍ നിന്നും 794 റണ്‍സാണ് ഓസീസിനെതിരെ കോഹ്‌ലി നേടിയത്. ഓസീസിനെതിരെ ടി-20യില്‍ ഏറ്റവുമധികം റണ്ണടിച്ച താരവും വിരാട് തന്നെയാണ്.
കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിന് മുമ്പ് വിരാടിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിരാട് സ്വന്തം നേട്ടങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും ടീമിന് വേണ്ടിയായിരിക്കണം കളിക്കേണ്ടത് എന്നുമാണ് താരം പറഞ്ഞത്.
വിരാടിന്റെ റെക്കോഡിനെ കുറിച്ച് പ്രെസന്റര്‍ ഗംഭീറിനെ ഓര്‍മിപ്പിച്ചപ്പോഴാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.
പ്രെസന്റര്‍: ടി-20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് വിരാട്, ഗംഭീറിനേക്കാളും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്. ഏത് മനോഭാവത്തോടെയായിരിക്കും വിരാട് ഈ ടൂര്‍ണമെന്റിനെ സമീപിക്കുന്നത്?
ഗൗതം ഗംഭീര്‍: റണ്‍സ് നേടുക എന്നത് മാത്രമായിരിക്കണം ലക്ഷ്യം. ഏറ്റവും പ്രധാനമായ കാര്യമെന്തെന്നാല്‍ ടീമിന് ഇംപാക്ട് ഉണ്ടാക്കുന്ന തരത്തില്‍ റണ്‍സ് നേടുക എന്നതാണ്.
ടീം ക്വാളിഫൈ ചെയ്തില്ലായെങ്കില്‍ നിങ്ങള്‍ 500 റണ്‍സ് നേടിയാലും അതുകൊണ്ട് ഒരു ഉപയോഗവും ഉണ്ടാകാന്‍ പോകുന്നില്ല. വ്യക്തിഗത റണ്‍സ് സ്വന്തം റെക്കോഡ് ബുക്കില്‍ മാത്രമാണ് കുറിക്കപ്പെടുക. വേള്‍ഡ് കപ്പ് നേടുന്നതിലൂടെയാണ് ലെഗസി സൃഷ്ടക്കപ്പെടുന്നത്.