| Monday, 21st August 2023, 8:14 pm

2007 ലോകകപ്പില്‍ നാണംകെട്ടത് ഓര്‍മയില്ലേ, അത് ആവര്‍ത്തിക്കണോ? രോഹിത്തിനെതിരെ മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബി.സി.സി.ഐ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റനായും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തിയാണ് ബി.സി.സി.ഐ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തന്റെ ബാറ്റര്‍മാര്‍ തയ്യാറാണെന്നാണ് രോഹിത് പറഞ്ഞത്.

മത്സരത്തിനനുസരിച്ച് വിരാട് കോഹ്‌ലിയുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തത നല്‍കിയിരുന്നില്ല. ടീം മാനേജ്‌മെന്റ് എന്തിനും ഫ്‌ളെക്‌സിബിളാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ ബാറ്റര്‍മാര്‍ അവരുടെ പതിവ് പൊസിഷനില്‍ തന്നെ ബാറ്റ് ചെയ്യണമെന്നും ഏത് പൊസിഷനിലേക്കും ഫ്‌ളോട്ട് ചെയ്യരുതെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ദൊഡ്ഡ ഗണേഷ്. 2007 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നിങ്ങളുടെ മികച്ച ബാറ്ററുടെ പതിവ് പൊസിഷന്‍ ഏതാണോ, ഏത് പൊസിഷനിലാണോ അവന്‍ മികച്ച പ്രകടനം പുറത്തെടുത്തത് അവിടെ വേണം അവന്‍ ബാറ്റ് ചെയ്യാന്‍.

വിരാട് കോഹ്‌ലി നാലാം നമ്പറില്‍ കളിക്കുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ഇത്രയും നാളായിട്ടും നാലാം നമ്പറില്‍ മികച്ച ഒരു ബാറ്ററെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 2007 ലോകകപ്പില്‍ സച്ചിന്‍ നാലാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് ഓര്‍മ വേണം,’ അദ്ദേഹം പറഞ്ഞു.

2007 ലോകകപ്പില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. ടൂര്‍ണമെന്റില്‍ സച്ചിന്‍ ഓപ്പണിങ്ങില്‍ നിന്നും മാറി നാലാമനായാണ് കളത്തിലിറങ്ങിയത്.

അതേസമയം, പരിക്കേറ്റ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഏഷ്യാ കപ്പിനുണ്ട്. ഏറെ നാളത്തെ പരിക്കിന് ശേഷം മൈതാനത്തേക്ക് മടങ്ങിയെത്തിയ ബുംറയും ഇതുവരെ ഒറ്റ അന്താരാഷ്ട്ര ഏകദിനം കളിക്കാത്ത തിലക് വര്‍മയും സ്‌ക്വാഡിന്റെ ഭാഗമാണ്.

സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പല്ലേക്കലേ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.

റിസര്‍വ് താരം: സഞ്ജു സാംസണ്‍

Content Highlight: Former Indian star Dodda Ganesh about Rohit Sharma’s ‘everyone can bat anywhere’ remark

We use cookies to give you the best possible experience. Learn more