ഇനി വിക്കറ്റ് എടുക്കരുത്, ഇപ്പോഴേ അധികമായി; കുല്‍ദീപ് യാദവിനോട് 'കര്‍ശന' നിര്‍ദേശവുമായി മുന്‍ സൂപ്പര്‍ താരം
Sports News
ഇനി വിക്കറ്റ് എടുക്കരുത്, ഇപ്പോഴേ അധികമായി; കുല്‍ദീപ് യാദവിനോട് 'കര്‍ശന' നിര്‍ദേശവുമായി മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th January 2023, 10:11 pm

താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം ലഭിക്കാതെ പോകുന്ന താരങ്ങളില്‍ പ്രധാനിയാണ് കുല്‍ദീപ് യാദവ്. എന്നാല്‍ അവസരം ലഭിക്കുമ്പോഴെല്ലാം തന്നെ തന്റെ സ്പിന്‍ മാജിക് എതിരാളികള്‍ക്കും ടീം മാനേജ്‌മെന്റിനും ഈ ചൈനാമാന്‍ സ്പിന്നര്‍ മനസിലാക്കിക്കൊടുക്കാറുമുണ്ട്.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് 2023ല്‍ കുല്‍ദീപ് ആദ്യമായി കളിച്ചത്. തന്നില്‍ പ്രതീക്ഷയര്‍പ്പിച്ച ടീമിനെയും ആരാധകരെയും ഒട്ടും നിരാശപ്പെടുത്താതെ മൂന്ന് വിക്കറ്റ് വീഴ്ത്തിയായിരുന്നു കുല്‍ദീപ് തിളങ്ങിയത്. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും കുല്‍ദീപിനെ തന്നെയായിരുന്നു.

പത്ത് ഓവര്‍ പന്തെറിഞ്ഞ് 51 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 5.1 ആണ് മത്സരത്തില്‍ താരത്തിന്റെ എക്കോണമി.

വമ്പനടി വീരന്‍മാരായ കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക എന്നിവര്‍ക്കൊപ്പം പര്യടനത്തിലെ ഓരോ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയെ ക്ലീന്‍ ബൗള്‍ഡാക്കിക്കൊണ്ടാണ് കുല്‍ദീപ് വിക്കറ്റ് വേട്ട അവസാനിപ്പിച്ചത്.

കഴിഞ്ഞ മാസം നടന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ചാറ്റോഗ്രാം ടെസ്റ്റില്‍ എട്ട് വിക്കറ്റുകളായിരുന്നു താരം പിഴുതത്. എന്നാല്‍ അവസാന ടെസ്റ്റില്‍ കുല്‍ദീപിനെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരത്തിന് പിന്നാലെ കുല്‍ദീപ് യാദവിന് നിര്‍ണായക ഉപദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ദാരം ദോഡ്ഡ ഗണേഷ്. കുല്‍ദീപിനോട് വിക്കറ്റ് വേട്ട അവസാനിപ്പിക്കാനും ഇല്ലെങ്കില്‍ അടുത്ത മത്സരത്തില്‍ അവസരം ലഭിക്കില്ലെന്നുമാണ് ഗണേഷ് പറയുന്നത്.

‘കുല്‍ദീപ്, മതി. ഒരുപാട് വിക്കറ്റുകള്‍ ഇങ്ങനെ നേടല്ലേ. ഇപ്പോള്‍ തന്നെ മൂന്ന് വിക്കറ്റ് പിഴുതതിനാല്‍ അടുത്ത മത്സരത്തില്‍ നിന്നെ പുറത്തിരുത്താനുള്ള സാധ്യതയും ഏറെയാണ്,’ ഗണേഷ് ട്വീറ്റ് ചെയ്തു.

കുല്‍ദീപിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയവും ഒപ്പം പരമ്പരയും നേടിക്കൊടുത്തത്.

ജനുവരി 15നാണ് പരമ്പരയിലെ അടുത്ത മത്സരം. തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Former Indian star Dhodda Ganesh gives advice to Kuldeep Yadav