| Tuesday, 15th November 2022, 11:38 am

രോഹിത്തിനെ കൊണ്ട് ഇന്ത്യക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോണില്ല; രണ്ട് പേരെ ക്യാപ്റ്റനാക്കാം, അതിലൊരാള്‍ പന്താണ്; തുറന്നടിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ത്യയെ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളില്‍ പ്രധാനിയാണ് നായകന്‍ രോഹിത് ശര്‍മ. ഒരു ക്യാപ്റ്റന്‍ എന്ന രീതിയിലോ ബാറ്റര്‍ എന്ന രീതിയിലോ ലോകകപ്പില്‍ സ്വാധീനം ചെലുത്താന്‍ ഹിറ്റ്മാന് സാധിച്ചിരുന്നില്ല.

നെതര്‍ലന്‍ഡ്‌സിനോട് നേടിയ അര്‍ധ സെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ ഉടനീളം രോഹിത് ബിഗ് സീറോ തന്നെയായിരുന്നു. നിര്‍ണായക മത്സരത്തില്‍ പോലും തിളങ്ങാനാവാതെയാണ് രോഹിത് ലോകകപ്പില്‍ പരാജയമായത്.

ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മയെ പുറത്താക്കണമെന്നും രോഹിത് സ്വയം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. മുപ്പതുകളുടെ മധ്യത്തിലെത്തിയ ഒരാളേക്കാള്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോഴിതാ, രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചും താരത്തിന്റെ പ്രകടനത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അതുല്‍ വാസന്‍.

ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റണമെന്നും പകരം റിഷബ് പന്തിനോ ഹര്‍ദിക് പാണ്ഡ്യക്കോ അവസരം നല്‍കണമെന്നും അദ്ദേഹം പറയുന്നു.

എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മയുടെ സമയം അവസാനിച്ചെന്ന് ഞാന്‍ കരുതുന്നു. നിങ്ങളെപ്പോഴും രണ്ട് ലോകകപ്പുകള്‍ക്കിടിയില്‍ നിന്നാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിലനിര്‍ത്തുന്നത് കൊണ്ട് ഇന്ത്യക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാന്‍ പോവുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും നിങ്ങള്‍ കൊണ്ടുവരണം. ഹര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും നിങ്ങള്‍ക്ക് മുമ്പില്‍ ഒരു ഓപ്ഷനായി നില്‍ക്കുന്നുണ്ട്.

സെമിയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇന്ത്യ അഡ്‌ലെയ്ഡിലും ഇംഗ്ലണ്ട് ഷാര്‍ജയിലും ബാറ്റ് ചെയ്തതുപോലെയാണ് എനിക്ക് തോന്നുന്നത്,’ അതുല്‍ വാസന്‍ പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ഒരു തീരുമാനവുമെടുത്തില്ല എന്നും മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘ക്യാപ്റ്റന്‍സിയെ പഴിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാത്തിലുമുപരി ടീം മാനേജ്‌മെന്റാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത്. രോഹിത് ശര്‍മ ഒന്നുപോലുമെടുത്തില്ല. അവന്‍ ആകെ തീരുമാനിച്ച കാര്യം ഫീല്‍ഡില്‍ എവിടെ ഒളിച്ചിരിക്കണമെന്നാണ്,’ വാസന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Former Indian star Atul Wassan slams Rohit Sharma

We use cookies to give you the best possible experience. Learn more