ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ ലിസ്റ്റ് പുറത്തുവിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ പരിക്കാണ് സൂപ്പര്‍ താരങ്ങളുടെ മോശം ഫോമിനേക്കാള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരം ഇനിയും പന്തെറിഞ്ഞ് തുടങ്ങിയിട്ടില്ല.
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ബുംറയെ പിന്നോട്ട് വലിച്ചതും ഈ പരിക്ക് തന്നെയാണ്.
ഒരുപക്ഷേ ബുംറയ്ക്ക് സ്‌ക്വാഡിന്റെ ഭാഗമാകാന്‍ സാധിച്ചില്ലെങ്കില്‍ പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തണം എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അതുല്‍ വാസന്‍. ബുംറ ടീമിനൊപ്പമുണ്ടെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് അത് ഏറെ മികച്ചതാണെന്നും അഥവാ സൂപ്പര്‍ പേസര്‍ പുറത്താവുകയാണെങ്കില്‍ പകരം മുഹമ്മദ് സിറാജിനെ ടീമിന്റെ ഭാഗമാക്കണമെന്നും വാസന്‍ പറഞ്ഞു.
‘ഓസ്‌ട്രേലിയയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ക്ക് ലോഡാണ് ബുംറയ്ക്കുണ്ടായിരുന്നത്. ബുംറ ടീമിനൊപ്പമില്ലെങ്കില്‍, ഷമിയുണ്ട് എന്ന കാരണത്താല്‍ അധികം പേടിക്കേണ്ടി വരില്ല. ബുംറ ടീമിനൊപ്പം ചേരുകയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് അതൊരു ലോട്ടറി തന്നെയായിരിക്കും.
ബുംറയും ഷമിയും ടീമിലുണ്ടെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീം ഇന്ത്യ തന്നെയാകും. രോഹിത് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വിരാട് ഫോമിലെത്താനുണ്ട്.
എനിക്ക് തോന്നുന്നത് നമ്മള്‍ മികച്ച ടീമാണ് എന്ന് തന്നെയാണ്. ബുംറയില്ലെങ്കിലും നമ്മള്‍ ഓക്കെയാണെന്നാണ് എനിക്ക് തോന്നുന്നത്,’ ക്രിക്കറ്റ് നെക്‌സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ താരം പറഞ്ഞു.
‘പകരക്കാരനായി നമ്മള്‍ മുഹമ്മദ് സിറാജിന്റെയും ഹര്‍ഷിത് റാണയുടെയും കാര്യമാണ് നമ്മള്‍ സംസാരിക്കുന്നത്. ഞാന്‍ ഉറപ്പായും മുഹമ്മദ് സിറാജിനെ കളിപ്പിക്കും. കാരണം അവന്‍ സ്വയം തെളിയിച്ച താരമാണ്. അവന്‍ പലതും ചെയ്തുകാട്ടിയിട്ടുണ്ട്. ഞാന്‍ ഒരിക്കലും അവന്റെ അനുഭവസമ്പത്ത് വെറുതെയാകാന്‍ അനുവദിക്കില്ല.
നൂറ് മത്സരങ്ങള്‍ കളിച്ചതാരാണോ, അവനെ ഞാന്‍ കളിപ്പിക്കും. കാരണം അത്രയും സമ്മര്‍ദമുള്ള സാഹചര്യത്തില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന യുവതാരം പതറിപ്പോകാന്‍ ഇടയുണ്ട്,’ വാസന്‍ കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (നിലവില്‍)
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.
Content Highlight: Former Indian star Atul Wassan on Jasprit Bumrah’s replacement