കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം. രണ്ട് ടി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ആദ്യ മത്സരം എന്ന പ്രത്യേകതയും കഴിഞ്ഞ കളിക്കുണ്ടായിരുന്നു.
ഐ.പി.എല്ലില്‍ തിളങ്ങിയ താരങ്ങളായിരുന്നു അയര്‍ലന്‍ഡ് ടീമിനെതിരെയുള്ള പരമ്പരയില്‍ കളിക്കുന്നത്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലായതിനാലും യുവതാരങ്ങളെ കൂടുതല്‍ പരിഗണിക്കുന്നതിനും വേണ്ടിയാണ് ബി.സി.സി.ഐ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിച്ച സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കണ്ടത്.
എന്നാല്‍ ആദ്യ മത്സരത്തില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇക്കാര്യം ആരാധകരില്‍ ഞെട്ടലുണ്ടാക്കുകയും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അമര്‍ഷം അറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നത് ഒരു ടഫ് കോള്‍ ആയിരുന്നില്ല എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സിന്റെ കോച്ചുമായ ആശിഷ് നെഹ്‌റ. സോണി ലിവിന്റെ പ്രീ മാച്ച് ഷോയായ എക്‌സ്ട്രാ ഇന്നിങ്‌സിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഇല്ല, അതൊരിക്കലും ഒരു ടഫ് കോള്‍ ആയിരുന്നില്ല. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും ശ്രേയസ് അയ്യരിനും റിഷബ് പന്തിനും പകരമായിട്ടാണ് ടീമിലെത്തിയിരിക്കുന്നത്. ദീപക് ഹൂഡ നേരത്തെ ടീമിന്റെ ഭാഗമായിരുന്നു. വെങ്കിടേഷ് അയ്യരാവട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഒരു മത്സരത്തിലും കളിച്ചിരുന്നുമില്ല.
ദീപക് ഹൂഡ ഐ.പി.എല്ലില്‍ പുറത്തെടുത്തത് മാസ്മരിക പ്രകടനമായിരുന്നു. രാജസ്ഥാന് വേണ്ടി രഞ്ജിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. സീസണിലുടനീളം അവന്‍ റണ്ണടിച്ചുകൊണ്ടേയിരുന്നു, ഐ.പി.എല്ലിലും കണ്ടത് അതുതന്നെയാണ്,’ നെഹ്‌റ പറയുന്നു.
അഞ്ച്, ആറ് സ്ഥാനങ്ങളിലായിരുന്നു ഹൂഡ ഐ.പി.എല്ലില്‍ ലഖ്‌നൗവിന് വേണ്ടി കളിച്ചിരുന്നതെന്നും എന്നാല്‍ അവന്റെ പ്രകടനത്തിന്റെ മികവിലാണ് അവനെ വണ്‍ ഡൗണായി പ്രൊമോട്ട് ചെയ്തതെന്നും നെഹ്‌റ പറഞ്ഞു.
‘അവന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ ഉയര്‍ന്നിരിക്കുകയാണ്. സഞ്ജുവിന് മുമ്പ് അവന്‍ ടീമിലെടുത്തതിലും സഞ്ജുവിനേക്കാള്‍ അവനെ ഇന്ത്യന്‍ ടീം പിന്തുണക്കുന്നതിലും ഏറെ സന്തോഷം.
അവന്‍ സത്യസന്ധനായ കളിക്കാരനാണ്, ഇനിയും ഏറെ ടി-20 മത്സരങ്ങള്‍ വരാനുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരത്തിലും ഒരേ സ്‌ക്വാഡിനെ തന്നെയാണ് നിലനിര്‍ത്തിയത്. അതിനാല്‍ത്തന്നെ അവന്‍ വരും മത്സരത്തിലും ടീമിനൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയത്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മഴ കാരണം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 108 റണ്‍സായിരുന്നു ഐറിഷ് പട നേടിയത്. ഓപ്പണിങ് ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ നാലാമനായി ഇറങ്ങിയ ഹാരി ടെക്ടറായിരുന്നു ഐറിഷ് ഇന്നിങ്സിനെ നങ്കൂരമിട്ട് നിര്‍ത്തിയത്.