കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനുമായ ആശിഷ് നെഹ്‌റ.
ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ഹര്‍ദിക് സിംഗിളെടുത്ത് ദിനേഷ് കാര്‍ത്തിക്കിന് സ്‌ട്രൈക്ക് കൈമാറാത്തതിനെയാണ് താരം രൂക്ഷമായി വിമര്‍ശിച്ചത്.
ഇന്ത്യന്‍ ഇന്നിങ്‌സിന് ശേഷം നടന്ന ക്രിക്കറ്റ് അനാലിസിസിനിടെയാണ് നെഹ്‌റ ഇക്കാര്യം പറഞ്ഞത്.
‘അവസാന പന്തിന് മുമ്പ് അവന്‍ സിംഗിള്‍ എടുക്കണമായിരുന്നു, മറുവശത്ത് ഞാന്‍ അല്ലായിരുന്നല്ലോ, ദിനേഷ് കാര്‍ത്തിക് ആയിരുന്നില്ലേ,’ എന്നായിരുന്നു നെഹ്‌റ ചോദിച്ചത്.
അവസാന ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റനായ റിഷബ് പന്ത് പുറത്തായപ്പോള്‍ അടുത്തതായി ബാറ്റ് ചെയ്യാനെത്തിയത് ദിനേഷ് കാര്‍ത്തിക്കായിരുന്നു.
ഓവറിലെ അഞ്ചാം പന്തില്‍ എളുപ്പത്തില്‍ സിംഗിള്‍ നേടി ദിനേഷ് കാര്‍ത്തിക്കിന് സ്‌ട്രൈക്ക് കൈമാറുന്നതിന് പകരം ഹര്‍ദിക് ഓടാതെ ക്രീസില്‍ തന്നെ നില്‍ക്കുകയായിരുന്നു.
പക്ഷേ, അവസാന പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് കണ്ടെത്താനായത്. ഇതിന് പിന്നാലെയാണ് നെഹ്‌റ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എന്നാല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഹര്‍ദിക്കിനെ അഭിനന്ദിക്കാനും നെഹ്‌റ മടിച്ചിരുന്നില്ല. ഹര്‍ദിക് മികച്ച ബാറ്ററാണെന്നും ഏത് റോളും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ഇന്ത്യയ്ക്ക് തോല്‍ക്കാനായിരുന്നു വിധി. ഡേവിഡ് മില്ലറിന്റെയും വാന്‍ ഡെര്‍ ഡുസന്റെയും വമ്പനടികളാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്.
വാന്‍ ഡെര്‍ ഡുസന്‍ 46 പന്തില്‍ നിന്നും 75 റണ്‍സും ഡേവിഡ് മില്ലര്‍ 31 പന്തില്‍ നിന്നും 64 റണ്‍സും നേടി പുറത്താവാതെ നിന്നു.